ആധാർ തിരിച്ചറിയൽ കാർഡുകൾ ബന്ധിപ്പിക്കൽ ഉടൻ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി : ആധാർകാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ ഉന്നതതല യോഗം. നേരത്തെ ജനപ്രാതിനിധ്യ നിയമത്തിൽ 2021ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ആധാർവിവരങ്ങൾ സ്വമേധയാ കൈമാറാൻ തയ്യാറായ വോട്ടർമാരിൽ നിന്നും അത് ശേഖരിച്ചിരുന്നു. അങ്ങനെയുള്ള വോട്ടർമാരുടെ ആധാറും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കും. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. വോട്ടർകാർഡ്–- ആധാർ ബന്ധിപ്പിക്കൽ രാജ്യത്ത് ഇതുവരെ നിർബന്ധമാക്കിയിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ, തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്‌ബിർ സിങ് സന്ധു, വിവേക്‌ജോഷി തുടങ്ങിയവർ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ലെജിസ്‌ലേറ്റീവ് വകുപ്പ് സെക്രട്ടറി, ഐടി സെക്രട്ടറി, യുഐഡിഎഐ സിഇഒ തുടങ്ങിയവരുമായി വിശദ ചർച്ചകൾ നടത്തി. ആധാറും വോട്ടർഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ ഭരണഘടനയുടെ 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവുമാണ് നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി.
326–-ാം അനുച്ഛേദം അനുസരിച്ച് ഇന്ത്യയിലെ പൗരൻമാർക്ക് മാത്രമേ വോട്ട് ചെയ്യാനുള്ള അവകാശമുള്ളു. ആധാർ കാർഡ് ഒരിക്കലും പൗരത്വത്തിനുള്ള രേഖയല്ല. അത് തിരിച്ചറിയൽ രേഖ മാത്രമാണ്. അതുകൊണ്ട്, 326–-ാം അനുച്ഛേദവും ജനപ്രാതിനിധ്യ നിയമത്തിലെ 23(4), 23(5), 23(6) വകുപ്പുകളും ഈ വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവും കണക്കിലെടുക്കണം–- തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കി.











0 comments