ad
Deshabhimani

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് തര്‍ജമയുടെ മറവിൽ, എൻടിഎ തന്നെ തുറന്നു നൽകിയ പഴുത്

neet
വെബ് ഡെസ്ക്

Published on May 22, 2026, 11:12 AM | 2 min read

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ അധ്യാപികയായ മനീഷ ഗുരുനാഥ് മന്ധാരെയ്ക്കും കെമിസ്ട്രി ലക്ചറർ പി വി കുൽക്കർണിക്കും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിൽ മാത്രമല്ല അത് വിവർത്തനം ചെയ്യുന്നതിലും പങ്കുണ്ടായിരുന്നതായി സിബിഐ കണ്ടെത്തി. പുണെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സിലെ ബയോളജി അധ്യാപികയായ മനീഷയെ കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിൽ വെച്ച് സിബിഐ അറസ്റ്റ് ചെയ്തത്. ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ ചോദ്യങ്ങൾ മനീഷ വിവർത്തനം ചെയ്തിരുന്നതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. 


ലാത്തൂരിലെ ദയാനന്ദ് ജൂനിയർ കോളേജിലെ വിരമിച്ച കെമിസ്ട്രി ലക്ചറർ പി.വി കുൽക്കർണിക്ക് ചോദ്യപ്പേപ്പർ മറാത്തിയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ പങ്കുണ്ടായിരുന്നതായും പറയുന്നു. ഇങ്ങനെ ലഭിച്ച ചോദ്യ പേപ്പറുകൾ കച്ചവടം ചെയ്യുന്നതിനായി മനീഷ മന്ധാരെ മറ്റ് പ്രതികളായ മനീഷ വാഗ്‌മറെ, കുൽക്കർണി എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടെത്തി.


ചില പ്രത്യേക ചോദ്യങ്ങൾ വിവർത്തനം ചെയ്യാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി ആവശ്യപ്പെട്ടതിനെത്തുടർന്ന്,ഈ ഗൂഡ സംഘത്തിന് ചോദ്യപേപ്പറുകളിലേക്ക് പൂർണമായ പ്രവേശനം ലഭിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. എൻ ടി എ തന്നെയാണ് തര്‍ജമ ആവശ്യപ്പെടുന്നത്.


ഇംഗ്ലീഷിന് പുറമെ, 12 പ്രാദേശിക ഭാഷകളിൽ കൂടി ഉദ്യോഗാർത്ഥികൾക്ക് നീറ്റ്-യുജി പരീക്ഷ എഴുതാവുന്നതാണ്. 12 ഭാഷകളിൽ ഓരോന്നിനും രണ്ട് വിവർത്തകർ വീതം നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥനെ മുൻനിര്‍ത്തി 'ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട് ചെയ്യുന്നു.


എൻടിഎ ഇക്കാര്യത്തിൽ ആവശ്യമായ കരുതൽ സ്വീകരിച്ചതിലും പാളിച്ച സംഭവിച്ചു. ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി എന്ന പേരിൽ ചോദ്യങ്ങൾ തയ്യാറാക്കുന്ന വിദഗ്‌ധരെ തന്നെയാണ് തർജമ ചുമതലയും ഏൽപ്പിച്ചിരുന്നത്. ചോദ്യങ്ങൾ കലര്‍ത്തി ചോദ്യപേപ്പര്‍ നിര്‍മിച്ച് കഴിഞ്ഞ് തര്‍ജമക്കായി വീണ്ടും നൽകുമ്പോൾ അവസാന കോപ്പിയാണ് ഇത്തരം പ്രൊഫസര്‍മാരുടെ കൈകളിൽ എത്തുന്നത്. കെമിസ്ട്രി, ബയോളജി, ഫിസിക്സ് എന്നിവ ഉൾപ്പെടുന്ന 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷാ പേപ്പറിലുള്ളത്.


എൻടിഎ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, നീറ്റ്-യുജി ചോദ്യപേപ്പറിലെ കെമിസ്ട്രിയിലെ മുഴുവൻ ചോദ്യങ്ങളും ബയോളജി വിഭാഗത്തിലെ ചില ചോദ്യങ്ങളും ചോര്‍ന്നത് മനസിലാക്കിയിരുന്നു. ഇവ ഒരു ഗസ് പേപ്പറുമായി ഒത്തുപോകുന്നതായി ഏജൻസി കണ്ടെത്തിയിരുന്നു.






 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home