രാജസ്ഥാനിൽ സ്‌കൂളിൽ മൂത്രപുരയുടെ മതിൽ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു

കോട്ട (രാജസ്ഥാൻ): രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ സ്‌കൂളിൽ മൂത്രപുരയുടെ മതിൽ ഇടിഞ്ഞുവീണ് ചികിത്സയ്ക്കിടെ ഏഴുവയസ്സുകാരി മരിച്ചു.
ദാർബെച്ചി ഗ്രാമത്തിലെ ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ രോഹിണിയാണ് മരിച്ചത്. മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ് കുട്ടി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
അധ്യാപകരുടെ അശ്രദ്ധയാണ് അപകടത്തിലേക്കെത്തിച്ചെതെന്ന് ആരോപിച്ച് മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്‌തു. അശോക് കുമാർ പോർവാൾ, രാംദയാൽ മേഘ്‌വാൾ, ഗ്യാത്രി കൻവാർ എന്നീ മൂന്ന് അധ്യാപകരെയാണ് സസ്‌പെന്റ് ചെയ്‌തത്.
സംഭവത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) നിയമത്തിലെ സെക്ഷൻ 194 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കുട്ടിയെ അപകടം പറ്റിയ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അധ്യാപകർ മാതാപിതാക്കൾ വരാൻ കാത്തുനിൽക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധത്തെത്തുടർന്ന് കുടുംബത്തിന് 5.50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 3.50 ലക്ഷം രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ കുടുംബത്തിന് കൈമാറി.










0 comments