ad
Deshabhimani

ഗൾഫ് രാജ്യങ്ങളിലെ റംസാൻ വിപണിയും നഷ്ടമാവുന്നു, 60,000 ടൺ ബസുമതി അരി കെട്ടികിടക്കുന്നു

basmati rice
വെബ് ഡെസ്ക്

Published on Mar 07, 2026, 10:49 AM | 1 min read

മുംബൈ: രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ ഏകദേശം 60,000ടൺ ബസുമതി അരി കെട്ടിക്കിടക്കുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് മാത്രം ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 25,000 കോടി രൂപയുടെ ബസുമതി അരി കയറ്റി അയച്ചിരുന്നു. ഇന്ത്യയുടെ ആകെ ബസുമതി കയറ്റുമതിയുടെ 67%ഗൾഫ് രാജ്യങ്ങളിലേക്കാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി അരി കയറ്റുമതിയെ മുഴുവനായി ബാധിച്ചിരിക്കയാണ്.


യുദ്ധ സാഹചര്യത്തിൽ ചരക്കുനീക്കത്തിനുള്ള കപ്പൽക്കൂലി ഉയർന്നതും കപ്പലുകളുടെ അഭാവവുമാണ് പ്രതിസന്ധിക്ക് പിന്നിൽ. ഇതിന് പുറമെ സംഘര്‍ഷ സാഹചര്യത്തിൽ ഇൻഷൂറൻസ് സുരക്ഷയും ഇല്ലാതായി.

പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതിയിൽ 90ശതമാനവും ബസുമതിയാണ്. ഡിസംബര്‍ മുതൽ തുടങ്ങിയ അനിശ്ചിതത്വമാണ് പ്രതിസന്ധിയിലേക്ക് എത്തിയിരിക്കുന്നത്.


Related News

റംസാൻ കാലത്താണ് ബസുമതി അരിയുടെ വിപണി ആവശ്യകത ഉയര്‍ന്നു നിൽക്കുന്നത്. ഈ സീസണാണ് അനിശ്ചിതത്വത്തിൽ കഴിഞ്ഞു പോകുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 30ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ റൈസ് എക്സ്‌പോർട്ടേഴ്‌സ് ഫെഡറേഷൻ(ഐ.ആർ.ഇ.എഫ്.)പറയുന്നു.


കയറ്റുമതി ഇടിഞ്ഞതോടെ ആഭ്യന്തരവിപണിയിൽ ബസുമതി അരിയുടെ വില എഴ് മുതൽ 10ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

ഏകദേശം 38,000 കണ്ടെയ്നറുകളിലായി കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ ഉൽപ്പന്നങ്ങളാണ് വിവിധ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഏകപക്ഷീയമായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടഞ്ഞിരിക്കയാണ്. ഇത് എണ്ണയും പ്രകൃതി വാതകങ്ങളും വഹിച്ചുള്ള കപ്പലുകളെ നിശ്ചലമാക്കി. മാത്രമല്ല കപ്പലുകൾ തടയപ്പെട്ടത് ചരക്ക് വ്യാപാരത്തെ മുഴുവനായും ബാധിച്ചു തുടങ്ങിയിരിക്കുന്നു.


ചരക്ക് കണ്ടെയ്നറുകൾ"ബാക്ക് ടു ടൗൺ" (Back to Town)അപേക്ഷകൾ നൽകി കയറ്റുമതിക്കാർ തിരിച്ചെടുക്കുകയാണ്. തുറമുഖങ്ങളിൽ കെട്ടികിടന്ന നശിക്കുന്നതിനെക്കാൾ പ്രാദേശിക വിപണികളിലേക്ക് എത്തിച്ച് കനത്ത നഷ്ടം നേരിടാനുള്ള ശ്രമമാണ്.


37 ഇന്ത്യൻ കപ്പലുകളും 1,109 ഇന്ത്യൻ നാവികരും പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെല്ലാം ജീവൻ പണയം വെച്ചാണ് തൊഴിലിൽ തുടരുന്നത് എന്ന സാഹചര്യവും ഉണ്ട്.

രാജ്യത്ത് ഓരോ ദിവസവും ഏകദേശം 10,000കോടി രൂപയുടെ ചരക്ക് നീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home