ഡൽഹിയിൽ പൊലീസ് വെടിവയ്പ്പ്; ബിഹാറിലെ നാല് ഗുണ്ടാസംഘാംഗങ്ങളെ വെടിവച്ചുകൊന്നു

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ബിഹാർ ഗുണ്ടാസംഘാംഗങ്ങളെ പൊലീസ് വെടിവെച്ചുകൊന്നു. രഞ്ജൻ പഥക്, വിമലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഹാറിൽ നിരവധി കൊലപാതക കേസുകളിൽ ഇവർ ഉൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. ഡൽഹി പൊലീസും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ കൊല്ലപ്പെട്ടത്.
ഡൽഹിയിൽ ദിവസങ്ങളായി പ്രതികൾ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്താൻ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചു. കൊലപാതകം, കൊള്ളയടിക്കൽ നിരവധി ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചെയ്തതായി ഇവർക്കെതിരെ ബിഹാറിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് സംഘം നടത്തിയ വ്യാപക തിരച്ചിലിൽ പ്രതികൾ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് പൊലീസ് സംഘത്തിന് നേരെ പ്രതികൾ വെടിയുതിർത്തെന്നും പൊലീസ് തിരിച്ച് വെടിയുതിർക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ നാല് പ്രതികൾക്കും വെടിയേറ്റു.
ഇവരെ രോഹിണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഘത്തിലെ പ്രധാനിയായ രഞ്ജൻ പഥക് ബീഹാറിന്റെയും സമീപ സംസ്ഥാനങ്ങളുടെയും ചില ഭാഗങ്ങളിൽ സംഘടിത ക്രിമിനൽ ശൃംഖല നടത്തിയിരുന്നതായി പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.










0 comments