രാജ്യത്തെ വൃത്തിയുള്ള നഗരമായി പ്രഖ്യാപിച്ച സ്ഥലം
കുടിവെള്ളത്തിൽ മാലിന്യം, ഇൻഡോറിൽ 32 പേർ ആശുപത്രിയിൽ

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നഗരസഭ വിതരണം ചെയ്ത വെള്ളം കുടിച്ചതിനെ തുർടന്ന് 32 പേർ ആശുപത്രിയിലായി. ഭാഗീരത്പുര പ്രദേശത്ത് നിന്നും 32 പേർ ജലമലിനീകരണം മൂലം വയറിളക്കവും ഛർദ്ദിയും ബാധിച്ച് അവശ നിലയിൽ ചികിത്സ തേടി.
ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഇൻഡോർ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ മാധവ് പ്രസാദ് ഹസാനി പിടിഐയോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ 2025 പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട നഗരമാണ് ഇൻഡോർ. തുടർച്ചയായി എട്ടാം വർഷവും ഇൻഡോറിനായിരുന്നു കേന്ദ്ര പുരസ്കാരം. ഗുജറാത്തിലെ സൂറത്താണ് രണ്ടാമത്. ഏറ്റവും വൃത്തിയുള്ള സംസ്ഥാന പദവി ഉത്തർ പ്രദേശിനുമായിരുന്നു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തുന്ന 'സ്വച്ഛ് സർവേക്ഷൻ' ആണ് ഈ റാങ്കിംഗ് നൽകുന്നത്.

മലിനീകരണം കണ്ടെത്തിയ പ്രദേശത്ത് നിന്ന് പരിശോധനയ്ക്കായി കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ടുകൾ ലഭിക്കുമെന്നും ഹെൽത്ത് ഓഫീസർ ഹസാനി പറഞ്ഞു.
മുനിസിപ്പൽ ടാപ്പ് കണക്ഷനുകൾ വഴി വീടുകളിലേക്ക് വിതരണം ചെയ്യുന്ന നർമ്മദ നദിയിൽ നിന്നുള്ള വെള്ളം കുടിച്ചതിന് ശേഷമാണ് തങ്ങൾ രോഗബാധിതരായതെന്ന് ഭഗീരത്പുര നിവാസികൾ പരാതിപ്പെട്ടു.
നർമ്മദ നദിയെയാണ് ഇൻഡോർ ജല ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്. ഖാർഗോൺ ജില്ലയിലെ ജലുദിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചാണ് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്.










0 comments