ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി 5ന്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് അന്തിമ വിധി പറയുന്നത്.
ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ വി അഞ്ജരിയ എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചാകും വിധി പറയുക. ഡൽഹി പൊലീസിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, പ്രതികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വിശദമായ വാദങ്ങൾ കേട്ട ശേഷം ഡിസംബർ 10 ന് കോടതി വിധി പറയാൻ മാറ്റിവച്ചിരുന്നു.
അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ച് വർഷക്കാലമായി വിചാരണയില്ലാതെ ജയിലിൽ കഴിയുകയായിരുന്ന ഉമർ ഖാലിദിന് കഴിഞ്ഞ ദിവസം ഡൽഹി വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 16 മുതൽ 29 വരെയായിരുന്നു ജാമ്യ കാലാവധി. അഞ്ച് വർഷത്തിന് ശേഷമാണ് ഉമർ ഖാലിദിന് പരോൾ ലഭിക്കുന്നത്.










0 comments