മധ്യപ്രദേശിൽ വൻ ലഹരിവേട്ട: 40 കോടിയോളം വിലവരുന്ന ബ്രൗൺഷുഗർ പിടികൂടി

photo credit: Home Department, MP via X
ഭോപ്പാൽ : മധ്യപ്രദേശിൽ വൻ മയക്കുമരുന്ന് വേട്ട. മന്ദ്‌സൗർ ജില്ലയിൽ 20 കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. വിപണിയിൽ 20 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് വിജയ് കുമാർ മീണ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരാൾ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇൻഡോറിൽ നിന്നുള്ള ഹേമന്ത് വർമ്മ (50), മോന സെൻ (48), രാജസ്ഥാനിലെ പ്രതാപ്ഗഢ് നിവാസികളായ രാഹുൽ മീണ (36), സുഭാഷ് എന്ന പിന്റു നഹർ (46), ജിതേന്ദ്ര എന്ന കരു മീണ (35) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ അസീസ് എന്ന ഇജാസിനായി അന്വേഷണം പുരോഗമിക്കുകയാണ്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂ അബാദി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 20 കിലോഗ്രാം ബ്രൗൺഷുഗർ പിടികൂടിയത്. രണ്ട് കാറുകളും ഏകദേശം 2.5 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, പ്രതികൾ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. സംഘത്തിലെ മറ്റ് അംഗങ്ങൾ, വിതരണ ശൃംഖല, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്- മീണ വ്യക്തമാക്കി.
ന്യൂ അബാദി പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മീണ പറഞ്ഞു.










0 comments