1.6 കോടിയുടെ വിദേശ സ്വർണം കടത്തി; മുംബൈ എയർപോർട്ട് ശുചീകരണ തൊഴിലാളികൾ അറസ്റ്റിൽ

എഐ പ്രതീകാത്മകചിത്രം
മുംബൈ : മുംബൈ വിമാനത്താവളം വഴി 1.6 കോടി രൂപയുടെ വിദേശ സ്വർണം കടത്തിയ രണ്ട് ശുചീകരണ തൊഴിലാളികൾ അറസ്റ്റിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര യാത്രക്കാരെ ഉപയോഗിച്ച് വിമാനത്തിൽ സ്വർണം കടത്തുന്ന സംഘമാണ് പിന്നിലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സ്വർണം പിന്നീട് വിമാനത്താവള ജീവനക്കാരുടെ പക്കലെത്തി. സ്വർണം കടത്തിയ ജീവനക്കാരെ ശനിയാഴ്ചയാണ് പിടികൂടിയത്.
ഒളിപ്പിച്ച് വിദേശത്തുനിന്നുള്ള സ്വർണ്ണം കടത്തുന്നുണ്ടെന്ന് ഡിആർഐക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. ക്ലീനിംഗ് സ്റ്റാഫിന്റെ ഒരു ടീം ലീഡർ എയ്‌റോബ്രിഡ്ജ് പടിക്കെട്ടിൽ പാക്കറ്റ് വയ്ക്കുന്നത് ഡിആർഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് പാക്കറ്റ് കണ്ടെത്തി നടത്തിയ പരിശോധനയിൽ അതിൽ മെഴുക് രൂപത്തിൽ തുണിക്കടിയിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ ജീവനക്കാരനെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
തന്റെ സൂപ്പർവൈസർ വിമാനത്തിൽ നിന്ന് സ്വർണ്ണം എടുത്ത് തനിക്ക് കൈമാറിയതായും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സൂപ്പർവൈസറെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1.6 കോടി രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.2 കിലോഗ്രാം സ്വർണം കസ്റ്റംസ് ആക്ട് പ്രകാരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments