ജാർഖണ്ഡിൽ കനത്ത മഴയും കാറ്റും; രണ്ട് മരണം, വ്യാപക നാശനഷ്ടം

Photo Credit: ANI
റാഞ്ചി: ജാർഖണ്ഡിൽ പെയ്ത കനത്ത മഴയിലും കൊടുങ്കാറ്റിലും രണ്ട് മരണം. പലാമു ജില്ലയിലാണ് അപകടങ്ങൾ നടന്നത്. ബിഹാർ സ്വദേശിയായ കാംദേവ് ചന്ദ്രവംശി (50), നൗഡിഹ സ്വദേശി പപ്പു കുമാർ (18) എന്നിവരാണ് മരിച്ചത്. മഴക്കെടുതിയിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പലാമുവിൽ കാലാവസ്ഥ മോശമായത്. ഹൈദർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവാലയ റോഡിലൂടെ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കാംദേവ് ചന്ദ്രവംശിയുടെ മേൽ മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾ മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നൗഡിഹ ഗ്രാമത്തിലുണ്ടായ മറ്റൊരു അപകടത്തിലാണ് പതിനെട്ടുകാരനായ പപ്പു കുമാർ മരിച്ചത്. ശക്തമായ കാറ്റിൽ മരം വീണായിരുന്നു മരണം. പലാമുവിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.










0 comments