ad
Deshabhimani

പരീക്ഷാ ഹാളിൽ കോപ്പിയടിക്ക് കൂട്ട്, അധ്യാപകര്‍ ഡ്രോൺ ക്യാമറയിൽ കുടുങ്ങി

copy
വെബ് ഡെസ്ക്

Published on Feb 12, 2026, 04:25 PM | 1 min read

ബീഡ്: പരീക്ഷാഹാളിലെ കോപ്പിയടി തടയാനായി നിയോഗിച്ച ഡ്രോണുകൾ ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിച്ചു. ഓരോ ഹാളിലും നിശ്ശബ്ദമായി കൺ തുറന്നിരുന്ന് ദൃശ്യങ്ങൾ പകര്‍ത്തി. ഇതോടെ കോപ്പിയടിക്ക് കൂട്ട് നിന്ന അധ്യാപകര്‍ ഒന്നടങ്കം കുടുങ്ങി.


മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന ഹയർ സെക്കൻഡറി-പ്ലസ് ടു പൊതുപരീക്ഷയിലാണ് ഡ്രോൺ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂട്ട കോപ്പിയടി ഒന്നാകെ ഡ്രോൺ ക്യാമറകൾ പകര്‍ത്തി അധികൃതരുടെ മുന്നിൽ എത്തിച്ചു.


മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജുക്കേഷൻ പരീക്ഷയുടെ ആദ്യദിനമായ ചൊവ്വാഴ്ച ചൗസാലയിലെ സെന്റർ224-ലാണ് സംഭവം. ഡ്രോൺ ക്യാമറയിൽ 16പരീക്ഷാഹാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകര്‍ത്തപ്പെട്ടു. മേൽനോട്ട ചുമതലയുള്ള അധ്യാപകർ വിദ്യാർത്ഥികളുടെ കോപ്പിയടിക്ക് നിശ്ശബ്ദം കൂട്ടുനിൽക്കുന്നതായി കണ്ടെത്തി. ചിലരെ പ്രത്യേക താൽപര്യത്തോടെ ഉത്തരം പറഞ്ഞ് കൊടുത്ത് സഹായിച്ചതും വേര്‍തിരിച്ച് കണ്ടെത്തി.


‘കോപ്പിയടി രഹിത’ പരീക്ഷ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഡ്രോൺ പരീക്ഷണം നടത്തിയത്.സംഭവം വിജയകരമായി.വിവരം ലഭിച്ചതോടെ ബീഡ് കലക്ടർ വിവേക് ജോൺസൺ കർശന നടപടിക്ക് ഉത്തരവിട്ടു. ഇതോടെ പോലീസ് എത്തി.


പരീക്ഷാകേന്ദ്രത്തിലെ ചീഫ് എക്സാമിനര്‍ ഉൾപ്പെടെ 17അധ്യാപകർക്ക് എതിരെ നെക്നൂർ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാത്രി എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര യൂണിവേഴ്സിറ്റീസ്, ബോർഡ്സ് ആൻഡ് എക്സാംസ് മാൽപ്രാക്ടീസുകൾ തടയൽനിയമവും ഭാരതീയ ന്യായ സംഹിതയും പ്രകാരമാണ് കേസെടുത്തത്.


ബീഡ് ജില്ലയിൽ103കേന്ദ്രങ്ങളിലായി45,247വിദ്യാർത്ഥികൾ ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നു.


ഇതിനിടെ അയൽജില്ലയായ ഛത്രപതി സംഭാജിനഗറിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയിലും കൂട്ട കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മേൽനോട്ട അധ്യാപകർ ഉൾപ്പെടെ 23പേർക്കെതിരെയും എഫ് ഐ ആറുകൾ ഇടാനുള്ള തയാറെടുപ്പിലാണ് പൊലീസ്.


കഴിഞ്ഞ വര്‍ഷം മുതലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പരീക്ഷാ ഹാളുകളെ പ്രശ്ന ബാധിതം അല്ലാത്തവ എന്നിങ്ങനെ വേര്‍തിരിച്ച് തുടങ്ങിയത്. ഇവിടെ നിരീക്ഷണങ്ങൾക്ക് പുറമെ സമീപ പ്രദേശങ്ങളിലെ അര കിലോമീറ്റര്‍ പരിധിയിലെ ഫോട്ടോ സ്റ്റാറ്റ് കടകൾ തുറക്കുന്നത് വരെ വിലക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home