Deshabhimani

തേനിയിൽ 17 തടവുകാർ ജയിൽ ചാടി; ഒരാൾ പിടിയിൽ, കേരള - തമിഴ്നാട് അതിർത്തിയിൽ പരിശോധന

jailed ai
വെബ് ഡെസ്ക്

Published on Oct 27, 2026, 06:50 AM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽ തിങ്കളാഴ്ച രാത്രി ജീവനക്കാരെ ആക്രമിച്ച് 17 തടവുകാർ രക്ഷപ്പെട്ടു. അയൽ ജില്ലകളിലുൾപ്പെടെ തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ടതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.


ഒരു പ്രതി പിടിയിലായതായി സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വാഹന പരിശോധന ഊർജിതമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി അയൽ ജില്ലയായ ദിണ്ടിഗലിൽ 16 കേന്ദ്രങ്ങളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ടിഗൽ എസ്പിഎസ് ജയകുമാർ സ്ഥിരീകരിച്ചു.





പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്. ആക്രമണത്തിൽ തേനി ജില്ലാ ജയിലിലെ ഗ്രേഡ്-2 പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.


സമീപ ജില്ലകളിലെ പൊലീസിന് ജാഗ്രതാ നിർദേശം നൽകി. ഇടുക്കി, മധുര, ദിണ്ടിഗൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ പൊലീസുകാർക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home