വന്ദേമാതരത്തിന്റെ 150–ാം വാർഷികം; പാർലമെന്റിൽ പ്രത്യേക ചർച്ച ഇന്ന്

ന്യൂഡൽഹി: വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുള്ള പ്രത്യേക ചർച്ച തിങ്കളാഴ്‌ച നടക്കും. എസ്‌ഐആർ അടക്കം തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ചർച്ച ചൊവ്വാഴ്‌ചയാണ് നിശ്‌ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും വന്ദേമാതരം ചർച്ചയ്‌ക്ക് തുടക്കമിടുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മറ്റ് മന്ത്രിമാരും 10 മണിക്കൂർ ചർച്ചയിൽ പങ്കെടുക്കും. പ്രതിപക്ഷത്തുനിന്ന് ഗൗരവ് ഗോഗോയി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ സംസാരിക്കും.
കഴിഞ്ഞ ദിവസം ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായി രണ്ടാം ദിവസവും ലോക്‌സഭ സ്‌തംഭിച്ച സാഹചര്യത്തിലാണ് തർക്കപരിഹാരത്തിനായി ബിർള യോഗം വിളിച്ചത്.
വന്ദേമാതരം ചർച്ച തിങ്കളാഴ്‌ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷം ഇതിനോട് പൂർണമായി യോജിച്ചിട്ടില്ല. എസ്‌ഐആർ വിഷയം തന്നെ ആദ്യം ചർച്ചയ്‌ക്ക് പരിഗണിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. വരും ദിവസങ്ങളിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനായി ബുധനാഴ്‌ച രാവിലെ 9.45 ന് പ്രതിപക്ഷ പാർടികൾ യോഗം ചേരുന്നുണ്ട്. സർക്കാർ നിർദേശം സ്വീകരിക്കണോ വേണ്ടയോ എന്ന ഇൗ യോഗത്തിൽ തീരുമാനിക്കും.









0 comments