കുട്ടികളെ ബോംബ് എറിഞ്ഞ് കൊന്ന കേസിലെ പ്രതികളെ കണ്ടെത്താനായില്ല, മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം

Image Source : PTI
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിന് തുടര്‍ച്ചയായി ഉയര്‍ന്നുവന്ന സംഘര്‍ഷാവസ്ഥ ശമനമില്ലാതെ തുടരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പൊലീസുമായുള്ള നേര്‍ക്കു നേര്‍ ഏറ്റുമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പന്തം കൊളുത്തി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സംഘങ്ങളാണ് പ്രതിഷേധ രംഗത്ത്. ഏകദേശം രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച റാലി മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് ആസ്ഥാനത്തിനും സമീപമുള്ള ചിംഗമതക്കിന് അടുത്തെത്തി. വ്യാഴാഴ്ച രാത്രി 7 മണിയോടെ സിംഗ്ജമേയ് എന്ന സ്ഥലത്തുനിന്നാണ് പന്തംകൊളുത്തി പ്രകടനം ആരംഭിച്ചത്.
പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ ജനക്കൂട്ടം
കർഫ്യൂ നിലനിൽക്കുന്നതിനാൽ പിരിഞ്ഞുപോകാൻ സുരക്ഷാ സേന ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറാകാത്തത് വാക്കുതർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചു. പ്രതിഷേധക്കാർ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കണ്ണീർവാതകം മൂലമുണ്ടായ ശ്വാസതടസ്സവും പരിക്കുകളും കാരണം അഞ്ച് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ 7-ന് ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്ലോബിയിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പിഞ്ചുകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. വീടിന് നേരെ ബോബ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. എന്നാൽ ഇതിലെ പ്രതികളെ കണ്ടെത്താനായില്ല. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധ രംഗത്തുള്ളത്.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി വീണ്ടും അധികാരത്തിൽ എത്തി. എങ്കിലും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാൻ കഴിയാതെ പഴയപടി തുടന്ന സാഹചര്യമാണ്. നേരത്തെ സര്‍ക്കാരിന്റെ പരാജയത്തെ തുടര്‍ന്നായിരുന്നു രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.










0 comments