ad
Deshabhimani

എൽഡിഎഫ് പരാജയം പരിശോധിക്കും

ബം​ഗാളിലെയും അസമിലെയും ബിജെപി ആധിപത്യം ആശങ്കാജനകം: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on May 04, 2026, 05:06 PM | 2 min read

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കേരളത്തിൽ ജനവിധി മാനിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ. എൽഡിഎഫിന് ഉണ്ടായ പരാജയം പരിശോധിക്കും. പശ്ചിമ ബംഗാളിലും അസമിലുമുള്ള ബിജെപിയുടെ വിജയം ആശങ്ക ജനിപ്പിക്കുന്നതായും സിപിഐ എം പിബി പ്രസ്താവനയിൽ പറഞ്ഞു. തമിഴ്‌നാട്ടിലും ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് തിരിച്ചടി നേരിട്ടു. വിജയ് നയിച്ച ടിവികെയാണ് പ്രധാന ശക്തിയായി ഉയർന്നുവന്നത്. എൻആർ കോൺഗ്രസിനൊപ്പം പുതുച്ചേരിയിലും ബജെപി വീണ്ടും വിജയിച്ചു.


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും വേണ്ടി പരമാവധി പ്രവർത്തിച്ച പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത്.


പശ്ചിമ ബംഗാളിൽ, അഴിമതി നിറഞ്ഞ ടിഎംസി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ബിജെപിക്ക് ഗുണം ചെയ്തു. ബിജെപിയുടെ വർഗീയവും ഭിന്നിപ്പിക്കുന്നതും ക്രൂരവുമായ വിദ്വേഷ പ്രചാരണം, തെരഞ്ഞെടുപ്പ് കമീഷൻ (ഇസിഐ) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, എസ്‌ഐആർ നടപടിക്രമങ്ങൾ എന്നിവയെല്ലാം ബിജെപിയുടെ വിജയത്തിന് കാരണമായി. വൻതോതിൽ പണം ഒഴുക്കിയതും ബിജെപിയെ വിജയിപ്പിച്ചു. അത്തരമൊരു ധ്രുവീകരണ സാഹചര്യത്തിൽ പോലും ഇടതുപക്ഷത്തിന് പ്രകടനം മെച്ചപ്പെടുത്താൻ സാധിച്ചു. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിജെപി നയിക്കുന്ന വലതുപക്ഷ വർഗീയ ശക്തികളുടെ ഉയർച്ചയാണ് ഫലങ്ങൾ കാണിക്കുന്നത്. ഇത് എല്ലാ മതേതര, പുരോഗമന, ജനാധിപത്യ ശക്തികൾക്കും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.


പാർട്ടിയിലും സഖ്യകക്ഷികളിലും വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്ത ജനങ്ങൾക്കും സിപിഐ എം നന്ദി പറയുന്നു. ജനങ്ങളുടെ വിധിയെ മാനിക്കുന്നു. കേരളത്തിൽ എൽഡിഎഫിന്റെ പരാജയത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധന നടത്തും. ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും പാർടി സ്വീകരിക്കുമെന്നും ജനങ്ങളുടെ അവകാശങ്ങൾക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഉറപ്പുനൽകുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.


തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള സമഗ്രമായ വിശകലനം നടത്തുകയും കർമ പദ്ധതിക്ക് രൂപം നൽകുകയും ചെയ്യുന്നതിനായി പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേരുമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home