നീറ്റ് 2026: ലക്ഷങ്ങൾ വാങ്ങി ചോദ്യങ്ങൾ വിറ്റു? രാജസ്ഥാനിൽ അന്വേഷണം ആരംഭിച്ചു

പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷയ്ക്ക് മുന്നോടിയായി വിതരണം ചെയ്ത ‘ഊഹ ചോദ്യപേപ്പർ’ യഥാർത്ഥ പേപ്പറുമായി വൻതോതിൽ സാമ്യമുള്ളതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. 720 മാർക്കിന്റെ പരീക്ഷയിൽ 600 മാർക്കിന്റെ ചോദ്യങ്ങളും ചോർന്നതായാണ് വിവരം. വിദ്യാഭ്യാസ മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ശക്തമാണ്.
രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വെറുമൊരു ഊഹക്കച്ചവടമല്ല, മറിച്ച് പരീക്ഷാ ബോർഡിന്റെ ചോദ്യബാങ്ക് തന്നെ ചോർത്തി വിൽക്കുകയായിരുന്നുവെന്നാണ് സൂചന. ചോദ്യങ്ങൾ മാത്രമല്ല, ഉത്തരങ്ങളിലെ ഓപ്ഷനുകളുടെ ക്രമം പോലും മാറ്റമില്ലാതെയാണ് പ്രചരിച്ചത്.
സിക്കർ കേന്ദ്രീകരിച്ച് നടന്ന ഈ കച്ചവടത്തിൽ ഒരു ചോദ്യപേപ്പറിന് 20,000 മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കിയതെന്നാണ് സൂചന. പരീക്ഷയുടെ തലേദിവസം രാത്രിയായപ്പോഴേക്കും 30,000 രൂപയ്ക്ക് വരെ പേപ്പർ വിറ്റഴിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും ചോദ്യങ്ങൾ പ്രചരിച്ചു. അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകളിൽ 'പലതവണ ഫോർവേഡ് ചെയ്ത' മെസേജുകളായാണ് ചോദ്യങ്ങൾ കണ്ടെത്തിയത്. ഇത് ആയിരക്കണക്കിന് വിദ്യാർഥികളിലേക്ക് ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുന്നേ എത്തിയെന്നതിന്റെ തെളിവാണ്.
സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിച്ച മോഡൽ ചോദ്യപേപ്പറും യഥാർത്ഥ പരീക്ഷാ പേപ്പറും തമ്മിൽ അസാധാരണമായ സാമ്യമുണ്ടെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പൊലീസ് പരിശോധിച്ച് വരികയാണ്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യവും ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചില കോച്ചിംഗ് സെന്ററുകൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മുൻ വർഷങ്ങളിലും സമാന രീതിയിൽ നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർന്ന സംഭവമുണ്ടായിട്ടുണ്ട്. വൻ പ്രതിഷേധങ്ങൾക്കായിരുന്നു അന്നത് വഴിവെച്ചത്.











0 comments