print edition ബംഗാളിൽ വ്യാപക ആക്രമണം 2 പേര്‍ കൊല്ലപ്പെട്ടു

ഗോപി
Published on May 06, 2026, 12:14 AM | 1 min read
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക സംഘർഷം. തൃണമൂൽ കോൺഗ്രസ്– ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ബിർഭും ജില്ലയിലെ നാനൂറിൽ തൃണമൂലുകാരനായ അബിർ ഷെയ്ഖും ഹൗറയിലെ ഉദയനാരായൺപുരിൽ ബിജെപിക്കാരനായ യാദവ് ബാറുമാണ് കൊല്ലപ്പെട്ടത്. അക്രമം കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു. തോക്കും ബോംബും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ.
വിവിധ ജില്ലകളിൽ നിരവധി തൃണമൂൽ ഓഫീസുകൾ ബിജെപിക്കാർ തല്ലിതകർത്ത് തീയിട്ടു. പല ഓഫീസുകളും പിടിച്ചെടുത്തു. കൂച്ച്ബിഹാർ ജില്ലയിൽ ദിൻഹട്ടയിൽ സിപിഐ എം ഓഫീസ് ബജെപി അക്രമികൾ അടിച്ചു തകർത്തു. മറ്റ് പല സ്ഥലങ്ങളിലും പാർടി ഓഫീസുകൾക്കുനേരെ അക്രമം നടത്തി. ഉത്തര ബംഗാളിലെ സിലിഗുരിയിലെയും ബിർഭും പട്ടണത്തിലെയും തൃണമൂൽ കോൺഗ്രസ് ഓഫീസുകൾ ബിജെപിക്കാർ പിടിച്ചെടുത്തു. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശി. ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ ചമ്പാഹത്തിയിലെ തൃണമൂൽ ഭരണത്തിലുള്ള പഞ്ചായത്ത് ഓഫീസിൽ ബിജെപി പ്രവർത്തകർ കടന്ന് കയറി കൊടി ഉയർത്തി. പല കോളേജുകളിലും തൃണമൂൽ വിദ്യാർഥി വിഭാഗമായ ഛാത്രപരിഷത്തിന്റെ യൂണിയൻ ഓഫീസുകൾ എബിവിപിക്കാർ കൈയ്യടക്കുന്നു.











0 comments