print edition രാമക്ഷേത്രകൊള്ളയിലും കുലുങ്ങാത്തവരെ ഒന്നിലും നാണംകെടുത്താനാകില്ല; രൂക്ഷവിമർശവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ സഹസ്രകോടിയുടെ സംഭാവനാതട്ടിപ്പിൽ കുലുങ്ങാത്തവരെ ഒന്നിലും നാണംകെടുത്താനാകില്ലെന്ന നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. ‘രാമക്ഷേത്ര നിർമാണഫണ്ട് തിരിമറികളോട് സമൂഹം മുഖംതിരിക്കുന്നത് ലജ്ജാകരമാണ്. ഇത് രാജ്യത്തിന്റെ ധാർമികത്തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു’ – ജസ്റ്റിസ് അതുൽ ശ്രീധരൻ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റെ ബുൾഡോസർരാജ് നടപടിക്കെതിരെയുള്ള വിധിന്യായത്തിനിടെയാണ് പരാമർശം. കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ വീടുകൾ രണ്ട് വർഷത്തേക്ക് പൊളിച്ചുനീക്കാൻ പാടില്ലെന്നും മതിയായ നോട്ടീസ് നൽകണമെന്നും വിധിയിലുണ്ട്.
ചട്ടലംഘനം ആരോപിച്ച് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന നടപടി സമൂഹത്തിന്റെ പകപോക്കൽ മനോഭാവത്തെയാണ് തൃപ്തിപ്പെടുത്തുന്നത്. സുപ്രീംകോടതിയുടെ കൃത്യമായ ഉത്തരവുകൾ നിലനിൽക്കെ നിയമം ലംഘിച്ച് വീടുകൾ തകർക്കുന്നുണ്ട്. ‘ബുൾഡോസർ സംസ്കാര’ത്തിനുമേൽ നിയമപരമായ നിയന്ത്രണമേർപ്പെടുത്തേണ്ടതുണ്ട്. ഇൗ പൊളിക്കലുകൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നതെന്നും സ്വാധീനമുള്ളവർ ഒഴിവാക്കപ്പെടുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് വ്യാപകമായിരിക്കുന്ന അഴിമതിക്കെതിരെയും പരാമർശമുണ്ടായി. അഴിമതിക്കെതിരായ നിയമങ്ങൾ ശക്തമാക്കാൻ പാർലമെന്റ് ഇടപെടണം. അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന കാര്യം ഗൗരവമായി ആലോചിക്കണമെന്നും കോടതി നിരീക്ഷിച്ചു.










0 comments