തമിഴ്‌നാട് ഡിജിപിയായി സന്ദീപ് റായ് റാത്തോഡ്; കമീഷണർമാർക്കും സ്ഥലംമാറ്റം

ചെന്നൈ: തമിഴ്‌നാട് ഡിജിപിയായി സന്ദീപ് റായ് റാത്തോഡിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ തമിഴ്‌നാട് പൊലീസ് അക്കാദമി ഡിജിപിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. സന്ദീപ് റായ് റാത്തോഡിനൊപ്പം സഞ്ജയ് കുമാറിനെ താംബരം കമീഷണറായും, അഭിഷേക് ദീക്ഷിതിനെ മധുര കമീഷണറായും, ആർ വി രമ്യ ഭാരതിയെ വെസ്റ്റ് സോൺ ഐജിയായും നിയമിച്ചു. സ്ഥാനമൊഴിയുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ മറ്റ് സുപ്രധാന തസ്തികകളിൽ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
നിലവിൽ സ്ഥിരം ഡിജിപി ഇല്ലാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ താൽക്കാലിക നിയമനം നടത്തിയത്. ഡൽഹി സ്വദേശിയായ റാത്തോഡ് സംസ്ഥാനത്തും കേന്ദ്രത്തിലും വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ മാത്രമായിരിക്കും റാത്തോഡിന്റെ ഈ പ്രത്യേക നിയമനം പ്രാബല്യത്തിലുണ്ടാകുക. വോട്ടെടുപ്പിന് ശേഷം രണ്ട് വർഷത്തെ സ്ഥിര കാലാവധിയുള്ള പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സർക്കാർ നിയമിക്കേണ്ടതുണ്ട്.










0 comments