print edition വെനസ്വേലയ്‌ക്ക് സിഐടിയു സമ്മേളനത്തിന്റെ ഐക്യദാർഢ്യം

വെനസ്വേലയെ കടന്നാക്രമിച്ച അമേരിക്കൻ നടപടിയ്-ക്കെതിരെ സിഐടിയു അഖിലേന്ത്യ സമ്മേളന നഗരിയിൽ പ്രതിഷേധിക്കുന്ന പ്രതിനിധികൾ|ഫോട്ടോ: എ ആർ അരുൺരാജ്
ആനത്തലവട്ടം ആനന്ദൻ നഗർ: വെനസ്വേലയ്‌ക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന കടന്നാക്രമണത്തെ സിഐടിയു 18-–ാം അഖിലേന്ത്യ സമ്മേളനം അപലപിച്ചു. ആക്രമണവാർത്ത അറിഞ്ഞയുടൻ പ്ലക്കാർഡേന്തി പ്രകടനം നടത്തിയ പ്രതിനിധികളും നേതാക്കളും സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. വെനസ്വേലൻ സർക്കാരിനും ജനതയ്‌ക്കും ഐക്യദാർ-ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യ സെക്രട്ടറി സുധീപ് ദത്ത അവതരിപ്പിച്ച പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി.
സമാധാനത്തിനും അന്തസ്സിനും പരമാധികാര വികസനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ വെനസ്വേലയിലെ തൊഴിലാളികളോടും കർഷകരോടും ജനങ്ങളോടും സിഐടിയു പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. കരീബിയൻ, അറ്റലാന്റിക് മേഖലകളിലെ സൈനിക സമ്മർദങ്ങൾ ഉൾപ്പെടെ, വെനസ്വേലയ്‌ക്കെതിരായ എല്ലാ യുഎസ് സൈനിക ആക്രമണങ്ങളും ബോംബാക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണം. പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും പിടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവരെ ഉടൻ മോചിപ്പിക്കണം. വെനസ്വേലൻ കര– വ്യോമ–നാവിക അതിർത്തിയിൽ നിന്നുള്ള എല്ലാ അനധികൃത യുഎസ് സൈനിക സാന്നിധ്യവും നിരുപാധികം പിൻവലിക്കണം.
വെനസ്വേലയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയും അധ്വാനിക്കുന്ന ജനങ്ങൾക്കുമേൽ ദുരിതം സൃഷ്ടിയ്ക്കുകയും ചെയ്ത അമേരിക്കയുടെ ഉപരോധങ്ങളെയും സമ്മേളനം അപലപിച്ചു. സാമ്രാജ്യത്വ ആക്രമണത്തിനെതിരെ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്രരംഗത്ത് സമാധാനപരമായ സഹവർത്തിത്വം, പരമാധികാരം, ചേരിചേരാനയം തുടങ്ങിയ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും കേന്ദ്ര സർക്കാരിനോട് സിഐടിയു ആവശ്യപ്പെട്ടു.










0 comments