വീണ്ടും വിലക്കുമായി സെൻസർ ബോർഡ്; ഓസ്കർ നോമിനേഷൻ ചിത്രത്തിന് അനുമതി നിഷേധിച്ചു

ന്യൂഡൽഹി : ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ഗാസ യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്താൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കഥ പറയുന്ന ചിത്രമായ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബിന്' സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നിഷേധിച്ചു.
സിനിമയ്ക്ക് സെൻസർ ബോർഡ് വിലക്ക് ഏർപ്പെടുത്തുമെന്ന് വിതരണക്കാരൻ നേരത്തെ തന്നെ ഭയപ്പെട്ടിരുന്നതായി ഇന്ത്യയിലെ വിതരണക്കാരനായ മനോജ് നന്ദ്‌വാന പറഞ്ഞു. സിബിഎഫ്സി സർട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകൾ പ്രദർശിപ്പിക്കുന്നതിന് വാർത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കഴിഞ്ഞ വർഷം പല ഫിലിം ഫെസ്റ്റിവലുകളിലും ഈ ചിത്രം പ്രദർശിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയിരുന്നില്ല.
കോടതിയിൽ പോകാനോ ഈ തീരുമാനത്തെ ചോദ്യം ചെയ്യാനോ വിതരണക്കാരൻ തയ്യാറല്ല. മുൻപ് മറ്റൊരു ലാൻഡ് ജിഹാദ് എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ ബോർഡ് കൃത്യമായ കാരണം രേഖാമൂലം നൽകിയിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങളുള്ള ചിത്രങ്ങളെ സിബിഎഫ്സി തള്ളിക്കളയുകയോ സെൻസർ ചെയ്യുകയോ ചെയ്തിട്ടുണ്ട്. ലോകത്തു നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളോ വ്യക്തികളോ പരാമർശിക്കപ്പെടുകയാണെങ്കിൽ അവ സാധാരണയായി നീക്കം ചെയ്യാറുമുണ്ട്. പുതിയതായി ഇറങ്ങുന്ന വലതുപക്ഷ സിനിമകളും സെൻസർഷിപ്പ് നേരിടുന്നുണ്ടെങ്കിലും അവയുടെ അടിസ്ഥാന സന്ദേശങ്ങൾക്ക് കാര്യമായ മാറ്റം വരുത്താതെ പ്രദർശനാനുമതി ലഭിക്കാറുണ്ട്.
ട്യുനീഷ്യൻ നിർമ്മിത ചിത്രമായ ഇതിന്റെ വിതരണാവകാശം ഓസ്കാർ നോമിനേഷൻ ലഭിക്കുന്നതിനും എത്രയോ മുൻപ് വെനീസിൽ വെച്ച് ഏകദേശം ഒരു കോടി രൂപക്കാണ് നന്ദ്‌വാന വാങ്ങിയത്. എന്നാൽ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള (BIFFES), ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) തുടങ്ങി നിരവധി മേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നിഷേധിക്കപ്പെട്ടു. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (KIFF) മാത്രമാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. നിരോധനം വന്നാൽ പണം തിരികെ ലഭിക്കാനുള്ള ഇൻഷുറൻസ് ഇല്ലാത്തതിനാൽ വിതരണക്കാരന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്.










0 comments