ad
Deshabhimani

അധിക ലഗേജിന് പണം ചോദിച്ചതിലെ തർക്കം; സ്പൈസ് ജെറ്റ് ജീവനക്കാർക്ക് ആർമി ഉദ്യോഗസ്ഥന്റെ മർദനം

army officer attack spicejet crew
വെബ് ഡെസ്ക്

Published on Aug 03, 2025, 06:23 PM | 1 min read

ശ്രീന​ഗർ : അധിക ല​ഗേജിന് പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ആർമി ഉദ്യോ​ഗസ്ഥൻ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ചു. ജൂലൈ 26 ന് ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം നടന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിലേക്ക് യാത്ര ചെയ്യാനെത്തിയ സൈനിക ഉദ്യോഗസ്ഥന്റെ കൈവശം 16 കിലോഗ്രാം ഭാരമുള്ള രണ്ട് ക്യാബിൻ ലഗേജുകളാണ് ഉണ്ടായിരുന്നത്. ആഭ്യന്തര വിമാന സർവീസുകളിൽ 7 കിലോയിൽ കൂടുതൽ ഭാരമുള്ള ക്യാബിൻ ലഗേജിന് അധിക ചാർജ് ഈടാക്കും. ഇക്കാര്യം സൈനിക ഉദ്യോഗസ്ഥനെ അറിയിച്ചെങ്കിലും പണം നൽകാൻ വിസമ്മതിച്ച ഉദ്യോ​ഗസ്ഥൻ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.


അധിക ചാർജ് നൽകാൻ വിസമ്മതിച്ച സൈനിക ഉദ്യോ​ഗസ്ഥൻ ബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കാതെ ബലമായി എയ്‌റോബ്രിഡ്ജിൽ പ്രവേശിച്ചു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഇയാളെ ഗേറ്റിലേക്ക് തിരികെയെത്തിച്ചു. ​ഗേറ്റിൽ വച്ച് അക്രമാസക്തനായ ഉദ്യോ​ഗസ്ഥൻ സ്പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നാല് ജീവനക്കാർക്ക് പരിക്കേറ്റെന്നും പ്രസ്താവനയിൽ പറയുന്നു.


ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചെക്ക്-ഇൻ ഗേറ്റുകളിൽ ഉപയോഗിക്കുന്ന ഇൻഫർമേഷൻ ബോർഡ് ഉപയോഗിച്ച് ജീവനക്കാരെ അടിക്കുന്നതും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ജീവനക്കാർക്ക് നട്ടെല്ലിനടക്കം ​ഗുരുതര പരിക്കുണ്ടായതായും എയർലൈൻ പ്രസ്താവനയിൽ പറയുന്നു.


പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എയർലൈൻ അറിയിച്ചു. യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചതായും സ്പൈസ് ജെറ്റ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home