ഇന്ധനവില വർധനവ്: സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: വിമാന ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും ആഭ്യന്തര-അന്തർദേശീയ സർവീസുകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മൂന്ന് മാസത്തേക്ക് സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താനാണ് കമ്പനികളുടെ തീരുമാനം.
ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സർവീസുകൾ പുനഃക്രമീകരിക്കാൻ കമ്പനികൾ നിർബന്ധിതരായിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയിലെ വ്യതിയാനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിൽ വിമാന ഇന്ധന വില കുത്തനെ ഉയരുകയാണ്.
എയർലൈൻ കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് നീക്കിവെക്കുന്നത്. വിലക്കയറ്റം മൂലം കമ്പനികളുടെ ലാഭവിഹിതത്തിൽ വലിയ ഇടിവുണ്ടായതോടെയാണ് വിമാന സർവീസുകളുടെ എണ്ണം താൽക്കാലികമായി കുറച്ച് പ്രതിസന്ധി മറികടക്കാൻ എയർ ഇന്ത്യയും രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയും തീരുമാനിച്ചത്.
തിരക്കുകുറഞ്ഞ റൂട്ടുകളിലെയും ചില പ്രധാന നഗരങ്ങളിലേക്കുമുള്ള പ്രതിദിന സർവീസുകളെയായിരിക്കും ഈ തീരുമാനം ബാധിക്കുക. വ്യോമയാന കമ്പനികളുടെ ഈ പുതിയ നീക്കം വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. യാത്രക്കാരുടെ എണ്ണം കൂടുതലുള്ള റൂട്ടുകളിൽ സർവീസുകൾ കുറയുന്നതോടെ ഡിമാൻഡ് വർധിക്കുകയും ഇത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്യും.










0 comments