2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വിചിത്ര നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: 2023 സെപ്‌തംബർ 28ന് പാസാക്കിയ വനിതാസംവരണ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വനിതാസംവരണത്തിന്റെ മറവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം ദുർബലമാക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ വിചിത്രമായ നടപടി.
ഭരണഘടനാഭേദഗതി ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ലെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. നിലവിൽ 540 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. എല്ലാ അംഗങ്ങളും ഹാജരായി വോട്ട് ചെയ്യുന്ന പക്ഷം ബിൽ പാസാക്കണമെങ്കിൽ 360 വോട്ടെങ്കിലും കേന്ദ്രസർക്കാർ സമാഹരിക്കണം. എൻഡിഎയ്‌ക്ക് നിലവിൽ 293 അംഗങ്ങളും പ്രതിപക്ഷത്തിന് 233 അംഗങ്ങളുമാണുള്ളത്. ഏഴ് അംഗങ്ങൾ സ്വതന്ത്രരാണ്. വൈഎസ്‌ആർസിപി, എഐഎംഐഎം, ശിരോമണിഅകാലിദൾ എന്നീ പാർടികളിൽ നിന്നുള്ളവരാണ് ബാക്കി ഏഴംഗങ്ങൾ. ഇൗ പാർടികൾ ഒന്നും ഇതുവരെ ബില്ലിനെ പരസ്യമായി പിന്തുണച്ചിട്ടില്ല. ഇതോടെയാണ് സംവരണ നിയമം പ്രാബല്യത്തിലാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.










0 comments