ad
Deshabhimani

ആഡംബര ജീവിതത്തിന് ഇര കൊച്ചുകുട്ടികൾ; വിഴിഞ്ഞത്ത് പതിനേഴുകാരനും സുഹൃത്തും പിടിയിൽ

Gold robbery

പ്രതീകാത്മക ചിത്രം (ഇടത്) അറസ്റ്റിലായ ജീബിന്‍രാജ് (വലത്)

വെബ് ഡെസ്ക്

Published on Mar 22, 2026, 07:34 AM | 1 min read

വിഴിഞ്ഞം: ആഡംബര ജീവിതത്തിന് വേണ്ടി മോഷണം പതിവാക്കിയ യുവാക്കൾ അറസ്റ്റിൽ. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. കൊച്ചുകുട്ടികളായിരുന്നു ഇരുവരുടെയും ഇര. പ്രദേ‌ശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവെച്ചാണ് ആഡംബര ജീവിതത്തിനായുള്ള പണം പ്രതികൾ കണ്ടെത്തിയിരുന്നത്. പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാല കവർന്നത് ആണ് ഇരുവർക്കും വിനയായത്.


കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെ കുഞ്ഞിന്റെ അമ്മ പള്ളിയിൽപോയ സമയംനോക്കി വീട്ടിലെത്തിയ പതിനേഴുകാരൻ മാല മോഷ്ടിക്കുകയായിരുന്നു. തടർന്ന് സുഹൃത്തായ ജിബിൻരാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഇവർ ആഡംബര ജീവിതത്തിന് ഉപയോ​ഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ജിബിൻരാജിൻറെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പോലീസ് പിടിയിലായത്. എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിൽ എസ്.ഐ റെജി തോമസ്, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒ വിനയകുമാർ, സി.പി.ഒ രെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ജിബിൻരാജ് ഇതേ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചതായി കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് ജുവനൈൽ കോടതിയിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home