ആലിൻ ഷെറിന് ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; മാതാപിതാക്കളുടേത് മഹത്തായ തീരുമാനമെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ, ആലിൻ ഷെറിൻ എബ്രഹാം
തിരുവനന്തപുരം: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് സംസ്ഥാന സർക്കാരിന്റെ ആദരം. ആലിനിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിൻ.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലാണ് റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പൊലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഞായർ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ 3.30ഓടെയാണ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം. വെള്ളി രാത്രി വൈകി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാളെ രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. ഗുരുതമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതിനുപിന്നാലെയാണ് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് കൊച്ചി അമൃത ആശുപത്രിയിൽനിന്ന് നിന്ന് യാത്രയാക്കിയത്.
കൊച്ചിയിൽനിന്ന് വെള്ളി രാത്രി തന്നെ അവയവങ്ങൾ തിരുവനന്തപുരത്തെത്തിച്ചു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 211 കിലോമീറ്റർ ദൂരം പിന്നിട്ടത് 3.15 മണിക്കൂറിലാണ്. ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് നൽകും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. കിംസിലെത്തിച്ച കരൾ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് മാറ്റിവയ്ക്കുന്നത്.










0 comments