സംരംഭക വർഷം പദ്ധതി: 3.51 ലക്ഷം വ്യവസായം

തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതിയിലൂടെ 3.51 ലക്ഷം വ്യവസായ സംരംഭം തുടങ്ങിയെന്ന് മന്ത്രി പി രാജീവിന് വേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ഇതിൽ 1.11 ലക്ഷം വനിതാ സംരംഭങ്ങളാണ്. ആകെ സംരംഭങ്ങളുടെ 40 ശതമാനമാണിതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. 40 ട്രാൻസ്‍ജെൻഡേഴ്‌സും സംരംഭങ്ങൾ ആരംഭിച്ചു. ആകെ 22,526 കോടിയുടെ നിക്ഷേപവും 7.45 ലക്ഷം തൊഴിലും സൃഷ്ടിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട സ്ഥാനത്താണ് ഇത്രയും മികച്ച പ്രതികരണമുണ്ടായത്.
സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായി തദ്ദേശ സ്ഥാപനങ്ങളിൽ സംരംഭകസഭ പ്രവർത്തിക്കുന്നുണ്ട്. എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ കൂടി 27നകം ഇത് രൂപീകരിക്കും. ഇതുവരെ സംസ്ഥാനത്ത് 33 പേർക്ക്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കാൻ അനുമതി നൽകി. കുറഞ്ഞത് പത്തേക്കറുള്ള കമ്പനികൾക്കോ, കോപ്പറേറ്റീവുകൾക്കോ ചാരിറ്റബിൾ സൊസൈറ്റികൾക്കോ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാം. കുറഞ്ഞത് അഞ്ചേക്കറുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാനും അപേക്ഷിക്കാം.
സ്വന്തമായി സ്ഥലമുള്ളവർക്കും 30 വർഷമോ അതിലധികമോ കാലാവധിയുള്ള പാട്ടഭൂമി ഉള്ളവർക്ക് ഡെവലപ്പർ പെർമിറ്റിനും അപേക്ഷിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് ബിൽഡിങ് പെർമിറ്റ് നൽകാൻ ഏകജാലക സംവിധാനമൊരുക്കും. ഇവിടങ്ങളിൽ പൊതുസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഏക്കറിന് 30 ലക്ഷം നിരക്കിൽ പരമാവധി മൂന്നുകോടി രൂപ വരെ സഹായിക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറയ്ക്ക് തുക റീഇംപേഴ്സ്മെന്റായാണ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.










0 comments