ബാലസാഹിത്യകാരൻ പി ഐ ശങ്കരനാരായണൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി ഐ ശങ്കരനാരായണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം.
ബാലസാഹിത്യ മേഖലയിൽ 'ശങ്കരനാരാ' എന്ന തൂലികാനാമത്തിലാണ് കൃതികൾ രചിച്ചിരുന്നത്. 1945 ഓഗസ്റ്റ് 4-ന് കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തും കോഴിക്കോട്ടുമായി ആറുവർഷത്തോളം പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു. 1974-ൽ സ്‌പൈസസ് ബോർഡിൽ ഉദ്യോഗസ്ഥനായി ചേർന്ന അദ്ദേഹം 'ഏലം', 'സ്‌പൈസ് ഇന്ത്യ' മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, കുഞ്ഞുണ്ണി പുരസ്‌കാരം (2013), കവിസമാജം പുരസ്‌കാരം (2012), ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ്ണ ജൂബിലി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.










0 comments