കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിയിൽ വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ് മരിച്ചത്.
വ്യാഴം രാത്രി ഏഴോടെയായിരുന്നു അപകടം. കോളേജ് ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്‌ത ബസിലാണ് പൊട്ടിത്തെറി. മൂന്ന് ദിവസമായി തകരാറിലായ ബസിന്റെ ചില ഭാഗങ്ങൾ നന്നാക്കാൻ അഴിച്ചുകൊണ്ടുപോയിരുന്നു. ശരിയാക്കിയ ഭാഗം കുഞ്ഞുമോൻ തിരികെ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. ചിതറിത്തെറിച്ച യന്ത്രഭാഗങ്ങൾ മുഖത്തുവന്നിടിച്ച് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബസ് ഡ്രൈവർ സജീന്ദ്രന് കാലിനാണ് പരിക്ക്. സമീപം പാർക്കു ചെയ്‌തിരുന്ന ബസുകളുടെയും കാറിന്റെയും ചില്ലുകൾ തകർന്നു.









0 comments