ad
Deshabhimani

print edition ‘വർക്ക്‌ നിയർ ഹോം’ 
9 കേന്ദ്രങ്ങളിലേക്കുകൂടി ;  കൊട്ടാരക്കര കേന്ദ്രം ഉദ്‌ഘാടനം 19ന്‌

work

കൊട്ടാരക്കര വർക്ക്‌ നിയർ ഹോമിലെ ദൃശ്യം

വെബ് ഡെസ്ക്

Published on Jan 17, 2026, 01:53 AM | 1 min read


​തിരുവനന്തപുരം

ഐടി വിജ്ഞാന അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലിടങ്ങളൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘കമ്യൂൺ വർക്ക് നിയർ ഹോം’ ഒന്പതുകേന്ദ്രങ്ങളിൽക്കൂടി. ആദ്യകേന്ദ്രം കൊട്ടരക്കരയിലാണ്‌. ഇതിനുപുറമെ കളമശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ എന്നിവയുൾപ്പെടെയാണ്‌ ഒന്പതുകേന്ദ്രങ്ങൾ. കൊട്ടാരക്കരയിലെ കേന്ദ്രം തിങ്കൾ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും നൽകുന്ന കേരളത്തിലെ ‘വർക്ക് നിയർ ഹോം' കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്പനികൾക്ക് ഓഫീസ് പരിപാലനത്തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും പദ്ധതിയെ ആഗോള തൊഴിൽ വിപണിയിൽ കേരളത്തിന്റെ തുറുപ്പുചീട്ടാക്കും. മികച്ച തൊഴിൽതേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് ഒഴിവാക്കുകയും സ്വന്തം നാട്ടിൽത്തന്നെ മികച്ച ജോലി ഉറപ്പാക്കുകയുമാണ് ലക്ഷ്യം.


കൊട്ടാരക്കര ബിഎസ്എൻഎൽ ബിൽഡിങ്ങിൽ 9,249.97 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ച കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്പേസുണ്ട്‌. ചെറുകിട നഗരങ്ങളിൽ ‘പ്ലഗ് ആൻഡ് പ്ലേ' മാതൃകയിലാണ് വർക്ക് സ്റ്റേഷൻ സജ്ജീകരണം. ജോലിക്കാർ ലാപ്‌ടോപ്പുമായി എത്തിയാൽമതിയാകും. അതിവേഗ ഇന്റർനെറ്റ്, എസി കാബിനുകൾ, മീറ്റിങ്‌ റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ എന്നിവയടക്കം സജ്ജമാകും. കെ ഡിസ്‌ക്‌ എസ്‌പിവി ആയി പ്രവർത്തിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ്‌ പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home