വിവാഹം ഉറപ്പിച്ചതിനെ ചോദ്യം ചെയ്തു; കാമുകിയെ മൃഗീയമായി മർദിച്ച് റോഡിൽ തള്ളി, കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
കിഴക്കമ്പലം: വിവാഹം ഉറപ്പിച്ചതിനെ ചോദ്യം ചെയ്ത കാമുകിയെ മൃഗീയ മർദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ് കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് പിടിയിലായത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.
പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് ആക്രമണത്തിന് ഇരയായ യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ യുവതി വഴങ്ങില്ലെന്ന് കണ്ടതോടെ യുവതിയെ മൃഗീയമായി മർദിക്കുകയായിരുന്നു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം നടത്തി.
ഒടുവിൽ മരിച്ചെന്ന് കരുതി ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. പുലർച്ചെ ബോധം വീണ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്‌ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിതിനെ പൊലീസ് പിടികൂടിയത്.










0 comments