ad
Deshabhimani

ആശ്വാസമായി വേനൽപെയ്‌ത്ത്‌

print edition കാറ്റ്‌, മിന്നൽ:
2 വിമാനങ്ങൾ തിരിച്ചുവിട്ടു

rain

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 20, 2026, 12:18 AM | 1 min read

തിരുവനന്തപുരം: കടുത്ത ചൂടിന്‌ ആശ്വാസമേകി സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ വേനൽ മഴയെത്തി. മഴയ്‌ക്കുമുന്നോടിയായി കാറ്റും ഇടിമിന്നലും ശക്തമായതോടെ കൊച്ചി വിമാനത്താവളത്തിൽ രണ്ടുവിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്‌ കോയമ്പത്തൂരിലേയ്ക്ക് തിരിച്ചുവിട്ടത്‌. ഞായർ വൈകിട്ട് 5.40ന് ദുബായിൽനിന്നും 5.45ന് ഹൈദരാബാദിൽനിന്നും എത്തിയ ഇൻഡിഗോ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. രണ്ടു വിമാനങ്ങളും രാത്രി കൊച്ചിയിൽ തിരിച്ചെത്തി തുടർ സർവീസ് നടത്തി.


എറണാകുളം, വയനാട്‌ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ശക്‌തമായ മഴ ലഭിച്ചു. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും അരമണിക്കൂറിലധികം മഴ ലഭിച്ചു. ആലുവയിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി. പറവൂർ ഏഴിക്കരയിൽ രണ്ട് വീടുകൾക്ക് നാശനഷ്ടമുണ്ടായി. നേര്യമംഗലം മുതൽ വാളറവരെ കനത്ത മഴ പെയ്‌തു.

വയനാട്ടിൽ പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. മരംവീണ്‌ 20ലധികം വീടുകൾ തകർന്നു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും മഴ പെയ്തു. മൂന്നാറിലും വയനാട്‌ മീനങ്ങാടിയിലും കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി.


കനത്ത ചൂട്‌; 
പാലുൽപ്പാദനത്തിൽ നേരിയ കുറവ്


തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം 2.68 ശതമാനത്തിന്റെ ഇടിവുണ്ട്‌. എങ്കിലും, നിലവിൽ വിപണിയിലെ ആവശ്യം നിറവേറ്റാനുള്ള പാൽ ലഭിക്കുന്നുണ്ട്‌. കഴിഞ്ഞ വർഷം ഏപ്രിലിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 28,737 ലിറ്ററിന്റെ വർധനയുണ്ട്‌. മാർച്ചിലും സമാന വർധനയുണ്ടായി. 2025 മാർച്ചിൽ 11,22,513 ലിറ്റർ പാൽ സംഭരിച്ച സ്ഥാനത്ത് 2026 മാർച്ചിൽ 12,44,340 ലിറ്ററായി ഉയർന്നു. മുൻവർഷത്തേക്കാൾ 1,21,827 ലിറ്റർ പാൽ അധികം സംഭരിക്കാനായി. ഉൽപ്പാദനത്തിലെ ഏറ്റക്കുറച്ചിൽ വേനൽക്കാലത്തെ സ്വാഭാവിക പ്രതിഭാസമാണെന്നും വേനൽമഴ കിട്ടുന്നതോടെ സാധാരണ നിലയിലാകുമെന്നുമാണ്‌ പ്രതീക്ഷിക്കുന്നത്‌. അസാധാരണമായ പ്രതിസന്ധിയില്ലെന്ന്‌ മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home