print edition ലേബർ കോഡ് അനുവദിക്കില്ല: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: തൊഴിലാളിവിരുദ്ധ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ നിയമം അടിച്ചേൽപ്പിച്ചാൽ ഒറ്റക്കെട്ടായി ചെറുക്കും. ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ലേബർ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. സർക്കാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചാൽ സിഐടിയു പങ്കെടുത്ത് നിലപാട് വ്യക്തമാക്കും.
ഡൽഹി ജന്തർമന്തർ പ്രക്ഷോഭത്തിന് കേരളത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥികൾക്കെതിരായ കേസ് പിൻവലിക്കാത്തതും ബിജെപി ഡീലിന്റെ ഭാഗമാണ്. ഡൽഹി പൊലീസ് സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിൽ ഇരച്ചുകയറി ഐഷി ഘോഷിനെ പിടിക്കാൻ ശ്രമിക്കുന്പോൾ കേരളത്തിൽ പൊലീസ് വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയായിരുന്നു.
യുഡിഎഫ് സർക്കാർ വന്നയുടൻ ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ നടപടിയാണെടുക്കുന്നത്. പൊലീസ് അസോസിയേഷനുകൾക്കെതിരായ നീക്കം അതിന് തെളിവാണ്. മൂന്ന് അസോസിയേഷനുകളെ രണ്ടാക്കി. നിലവിലെ കമ്മിറ്റികൾ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ഇതിന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടു.
ഫണ്ട് നൽകാതെ തദ്ദേശസ്ഥാപനങ്ങളെ തകർക്കുകയാണ് സർക്കാർ. ജനക്ഷേമ പ്രവർത്തനംപോലും സ്‌തംഭിച്ചു. ലൈഫ് പദ്ധതിക്കും പണമില്ല. പദ്ധതി വിഹിതം ഉടൻ തരുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും പണം നൽകുന്നില്ല. കേരളത്തിന്റെ അഭിമാനമായ അധികാര വികേന്ദ്രീകരണമാണ് തകരുന്നത്. ഇതിനെതിരെ വരുംദിവസങ്ങളിലും ശക്തമായ പ്രക്ഷോഭം തുടരും– എം വി ഗോവിന്ദൻ പറഞ്ഞു.









0 comments