പത്തനംതിട്ടയിൽ സ്വകാര്യ ഫാമിലെ മാലിന്യ ടാങ്കിൽ കാട്ടുപോത്ത് വീണു

ടാങ്കിൽ അകപ്പെട്ട കാറ്റുപോത്ത്| Photo: Screengrab
പത്തനംതിട്ട : കട്ടച്ചിറ കുടപ്പനക്കുളത്ത് സ്വകാര്യ വ്യക്തിയുടെ ഫാമിലെ മാലിന്യ ടാങ്കിൽ കാട്ടുപോത്ത് വീണു. ഇന്നലെ രാത്രിയോടെയാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിതന്നെ സ്ഥലത്തെത്തി. കാട്ടുപോത്ത് പുറത്തുകടക്കാതിരിക്കാൻ പ്രദേശത്ത് നിരീക്ഷണവും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അൽപ സമയത്തിനകം രക്ഷാപ്രവർത്തനം തുടങ്ങും.
വനമേഖലയോട് ചേർന്നുള്ള ഉൾപ്രദേശത്താണ് സംഭവം. നേരത്തെ പന്നിവളർത്തൽ കേന്ദ്രമായിരുന്ന ഫാമിൽ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി നിർമിച്ച ടാങ്കിലാണ് കാട്ടുപോത്ത് വീണത്. ടാങ്കിന് വലിയ ആഴമില്ലാത്തതിനാൽ കാട്ടുപോത്തിനെ സുരക്ഷിതമായി കരകയറ്റാനാകുമെന്നാണ് വിലയിരുത്തൽ.
കാട്ടുപോത്ത് അപകടകാരിയായതിനാൽ സംഭവമറിഞ്ഞ് സ്ഥലത്തെത്തുന്ന നാട്ടുകാരെ പ്രദേശത്തുനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘവും വിദഗ്ധരും സ്ഥലത്തെത്തിയ ശേഷം പ്രദേശം സുരക്ഷിതമാക്കി രക്ഷാപ്രവർത്തനം ആരംഭിക്കും. കാട്ടുപോത്തിന് പുറമെ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവുമുള്ള പ്രദേശമാണിത്.









0 comments