തിരഞ്ഞെടുപ്പ് കാലത്തും കാട്ടുപന്നി വേട്ട തുടരണം; അംഗീകൃത ഷൂട്ടർമാർക്ക് തോക്ക് കൈമാറുന്നതിൽ ഇളവ് നൽകാൻ ശുപാർശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനവാസമേഖലയിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിയോഗിക്കപ്പെട്ട അംഗീകൃത ഷൂട്ടർമാർക്ക് തോക്ക് സറണ്ടർ ചെയ്യുന്ന നടപടിയിൽ ഇളവ് നൽകാൻ ശുപാർശ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ലൈസൻസുള്ള തോക്കുകൾ നിശ്ചിത കേന്ദ്രങ്ങളിൽ ഏൽപ്പിക്കണമെന്നാണ് ചട്ടം.
എന്നാൽ, ഷൂട്ടർമാർ തോക്ക് കൈമാറുന്നത് കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് ഈ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ നൽകിയിട്ടുള്ള അധികാരം 2026 മെയ് 28 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ എം-പാനൽ ചെയ്ത ഷൂട്ടർമാരാണ് പന്നികളെ വെടിവെച്ചുകൊല്ലുന്നത്. തിരഞ്ഞെടുപ്പ് കാലയളവിൽ ഈ പ്രവർത്തനം നിലച്ചാൽ ജനവാസമേഖലയിൽ കാട്ടുപന്നികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കാനും നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ നിഷ്ഫലമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് WL-X28375-2025 ഉത്തരവ് പ്രകാരം എം-പാനൽ ചെയ്തിട്ടുള്ള ഷൂട്ടർമാരെ തോക്ക് സറണ്ടർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
കാർഷിക വിളകൾ നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ ഫലപ്രദമായി നിയന്ത്രിക്കാൻ ഈ ഇളവ് അനിവാര്യമാണെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കാലത്തെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ ഷൂട്ടർമാർക്ക് പ്രത്യേക അനുമതി നൽകാനാണ് ആലോചന.









0 comments