print edition ഇഡിയെ ആർക്കാണ് പേടി


സി കെ ദിനേശ്
Published on Sep 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കമ്പനികൾ കരാർ പ്രകാരം നടത്തിയ ഇടപാടിന്റെ പേരിൽ വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ നിരങ്ങിയവർക്കെല്ലാം കിട്ടിയത് മുഖമടച്ച പ്രഹരം. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജികളുമായി ചെന്നവർക്ക് കോടതികളുടെ ഒരു ചോദ്യത്തിനും ഉത്തരം കൊടുക്കാനോ തെളിവ് നൽകാനോ കഴിഞ്ഞില്ല. മാത്യുകുഴൽനാടന്റെ റിവിഷൻ ഹർജി തള്ളി ഹൈക്കോടതി പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്; ആരോപണങ്ങൾ തെളിയിക്കുന്ന വസ്തുതകളില്ല. സമർപ്പിച്ച രേഖകളെല്ലാം പരസ്പരം ബന്ധമില്ലാത്തതും കെട്ടുകഥകളും ( Loose Sheets and Unauthenticated ) ആണ്. നിങ്ങൾക്ക് സംശയമുണ്ടെന്ന കാരണത്താൽ ഒരു ഹർജിയും സ്വീകരിക്കാനാകില്ല.
കുഴൽനാടന്റെ ഹർജി തള്ളിയ കോടതി ഒരു കാര്യം പ്രത്യേകം ആരാഞ്ഞു: ‘ സിഎംആർഎൽ ഡയറിയിൽ പല രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും പണം വാങ്ങിയതായി കാണിച്ചിട്ടുണ്ട്. അതിലൊന്നും പരാതി ഇല്ലാത്തത് എന്തുകൊണ്ടാണ്? മറ്റൊരു റിവിഷൻ ഹർജി പരിഗണിച്ച ഹൈക്കോടതി വ്യക്തമാക്കി: ‘ഹർജിയോടൊപ്പമുള്ള രേഖകൾ വളരെ ശ്രദ്ധാപൂർവം പഠിച്ചു, വിശ്വസനീയമായ ഒരു തെളിവും അതിലില്ല എന്നാണ് മനസ്സിലായത്.’ ഇപ്പോൾ ഇഡി ഉന്നയിച്ച ആരോപണത്തിന് നേരത്തേ നൽകിയ സത്യവാങ്മൂലത്തിൽത്തന്നെ മറുപടിയുണ്ട്. പിണറായി വിജയൻ സിഎംആർഎല്ലിൽനിന്ന് പണം സ്വീകരിച്ചിട്ടില്ല. കരാർ പ്രകാരം സേവനത്തിനുള്ള തുക വീണ വാങ്ങിയിട്ടുണ്ട്, ബാങ്ക് വഴിയാണ്, നികുതിയടച്ചിട്ടുമുണ്ട്. പിണറായി സ്വത്ത് വകകളുടെ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്. ആദായനികുതി റിട്ടേണിലും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ വരുമാന വർധനയുമില്ല. ഇപ്രകാരം അക്കമിട്ട് കാര്യങ്ങൾ കോടതിയിൽ നിരത്തിയ ശേഷവും അതിനെ ഖണ്ഡിക്കുന്ന ഒരു തെളിവും ഏതെങ്കിലും അന്വേഷണ ഏജൻസിയോ വാതോരാതെ പരാതി പറഞ്ഞുനടക്കുന്നവരോ കോടതിയിൽ ഹാജരാക്കിയിട്ടില്ല. നർമദാ ബചാവോ കേസിൽ സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞ കാര്യം ഇതിലും പ്രസക്തമാണ്: ‘ആരെയെങ്കിലും ലക്ഷ്യമിട്ട്, അവരുടെ മേൽ അന്വേഷണമെന്ന് പറഞ്ഞ് ചുറ്റിത്തിരിയാൻ ആരും ഹർജിയുമായി വരേണ്ടതില്ല’.









0 comments