ആക്കുളം– ചേറ്റുവ ജലപാതയും യാഥാർഥ്യത്തിലേക്ക്
print edition പശ്ചിമതീര കനാല്‍ പദ്ധതി : ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും , ജലപാതയിലെ വർക്കല തുരങ്കം യാത്രക്കാർക്ക് വിസ്‌മയമാകും

ആക്കുളം–ചേറ്റുവ ജലപാതയിലെ ചിലക്കൂർ തുരങ്കം ഗതാഗതയോഗ്യമാക്കിയപ്പോൾ
തിരുവനന്തപുരം
പശ്ചിമതീര കനാല്‍ പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള ജലപാത വ്യാഴാഴ്‌ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. യാത്രകൾക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് 280 കിലോമീറ്റർ പാത. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് പാത സജ്ജമാക്കിയത്. ഉദ്ഘാടനം വ്യാഴം വൈകിട്ട് 4.30ന് വര്‍ക്കല ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സംസ്ഥാന സര്‍ക്കാരും കൊച്ചിൻ ഇന്റർനാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും(സിയാല്‍) ചേര്‍ന്നുണ്ടാക്കിയ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. കോവളംമുതൽ ബേക്കൽവരെയാണ് ജലപാത ഒരുക്കുന്നത്. പാതയുടെ ഇരുവശവും ബോട്ട് ജെട്ടി നിർമിക്കും. വിനോദസഞ്ചാര മേഖലയ്‌ക്കും നേട്ടമാകും. രാജ്യത്ത് തുരങ്കമുള്ള ഏക ജലപാതയാണിത്. 340 മീറ്ററാണ് വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്റെ ദൈര്‍ഘ്യം.
സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി ആരംഭിക്കുകയും രാജഭരണകാലത്തെ തകര്‍ന്ന കനാലുകള്‍ നവീകരിക്കുകയുംചെയ്‌തു. 2021–22ല്‍ കോവളം–ബേക്കല്‍ കനാലിന്റെ മാസ്റ്റര്‍പ്ലാനിനുള്ള പദ്ധതിക്ക് രൂപംനല്‍കി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കല്‍, കനാല്‍ നവീകരണം, പുനരുദ്ധാരണം എന്നിവയ്‌ക്ക് കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു. ചരക്കുനീക്കത്തിനും ജല ടൂറിസത്തിനും ആക്കുളം–-ചേറ്റുവ പാത ഉത്തേജനം നല്‍കുമെന്ന് ക്വില്‍ ഡയറക്‌ടര്‍ എസ് സുഹാസ് പറഞ്ഞു. പശ്ചിമതീര ജലപാതയെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.










0 comments