ലൈംഗികപീഡനം: വെൽനസ് ക്ലിനിക്ക് ഉടമ റിമാൻഡിൽ

പയ്യന്നൂർ : ലൈംഗികപീഡന കേസിൽ പൊലീസ് പിടികൂടിയ ശരത് നമ്പ്യാരെ (44) പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ബൈപാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം ഉടമയാണിയാൾ. കാസർകോട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. 2025 മാർച്ചിലാണ് പരാതിക്കിടയാക്കിയ സംഭവം. സന്ധിവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. സംഭവത്തിനുശേഷം മാനസിക വിഷമത്തിലായിരുന്ന യുവതി കൗൺസലിങ്ങിനിടെയാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ക്ലിനിക്കിൽവച്ച് സമാനമായ കേസിൽ 2024 ജൂലൈയിലും ശരത്തിനെതിരെ കേസുണ്ടായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം പിതാവിനോടൊപ്പം ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ പയ്യന്നൂർ സ്വദേശിനിയായ ഇരുപതുകാരിയാണ് അന്ന് പീഡനത്തിന് ഇരയായത്. ഭാരതീയ ന്യായസംഹിത പ്രകാരം പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസായിരുന്നു ഇത്.
സംഭവത്തെ തുടർന്ന് നാട്ടുകാർ ക്ലിനിക്ക് അടിച്ചു തകർത്തിരുന്നു. ഇതിനുശേഷമാണ് ക്ലിനിക്ക് പയ്യന്നൂർ ബൈപാസ് റോഡിൽ സായി മന്ദിരത്തിന് സമീപത്തേക്ക് മാറ്റിയത്. ഫിസിയോ തെറാപ്പിസ്റ്റ് എന്ന വ്യാജേന രോഗികളെ ചികിത്സിച്ച് കബളിപ്പിക്കുന്നതായി ശരത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.










0 comments