മഞ്ചേരിയിലെ മെഡിക്കല്‍ സെന്റർ വെബ്സൈറ്റ് ഹാക്ക്ചെയ്ത് പണംതട്ടല്‍; പ്രധാനപ്രതിയെ മുംബൈയില്‍ നിന്ന് പിടികൂടി

മലപ്പുറം: മഞ്ചേരിയിലെ പ്രമുഖ മെഡിക്കൽ സെന്ററിന്റെ വെബ്സൈറ്റ് ഹാക്ക്ചെയ്ത് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെക്കൂടി മലപ്പുറം സൈബർ പൊലീസ് മുംബൈയിൽനിന്ന് പിടികൂടി. മഹാരാഷ്ട്രയിലെ ഗോവണ്ടി സ്വദേശി മുഹമ്മദ് ഫാഹിം മെഹമൂദ് ഷെയ്ഖ് (42) ആണ് പിടിയിലായത്. ഗൾഫ് ഹെൽത്ത് കൗൺസിലിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ പോകുന്നവർക്ക് ആരോഗ്യപരിശോധന നടത്താനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും മലപ്പുറത്തെ മെഡിക്കൽ സെന്ററിന് അനുവദിച്ച വെബ്സൈറ്റുകളാണ് ഹാക്ക്ചെയ്തത്.
തുടർന്ന് ആരോഗ്യപരിശോധന നടത്താതെ പണംവാങ്ങി ആവശ്യക്കാർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. 2024 മെയ് 22നാണ് കേസ് രജിസ്റ്റർചെയ്തത്. അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടന്ന എട്ടുപേരെയും ഏജന്റുമാരെയും നേരത്തെ സൈബർ പൊലീസ് പിടികൂടിയിരുന്നു. മുഖ്യആസൂത്രകൻ മുംബൈ സ്വദേശി നിസാർ സാൻജെ (50)യെ കഴിഞ്ഞ ഡിസംബറിൽ പൊലീസ് പിടികൂടി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫാഹിമിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിസിആർബി ഡിവൈഎസ്‌പി ജയചന്ദ്രന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അബ്ദുൾ ലത്തീഫ്, എഎസ്ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സിപിഒ രാഹുൽ എന്നിവരാണ് മുംബൈയിൽച്ചെന്ന് പ്രതിയെ പിടികൂടിയത്.










0 comments