വധശ്രമക്കേസിൽ വലവിരിച്ച് പൊലീസ്; ഒളിവിലിരുന്ന് 'റീൽസു'മായി ഖാദർ കരിപ്പൊടിയും

ഖാദര്‍ കരിപ്പൊടി പങ്കുവെച്ച റെയില്‍കോട്ട് പ്രൊമോഷന്‍ വീഡിയോ, ഖാദര്‍ കരിപ്പൊടി
കാസർകോട്: വധശ്രമക്കേസിൽ പൊലീസ് തിരയുന്ന ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി ഒളിവിലിരുന്ന് ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കിടുന്നു. റെയിൻ കോട്ടിന്റെ പ്രൊമോഷൻ വീഡിയോ ആണ് ഖാദർ കരിപ്പൊടി പുതുതായി പങ്കുവെച്ചത്. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപകമായി നടക്കുന്നതിനിടയിലാണ് ഖാദർ ഒളിവിലിരുന്ന് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
വധശ്രമക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തളളിയതോടെ ഖാദർ കരിപ്പൊടി ഒളിവിലെന്നാണ് പൊലീസ് വാദം. ഒളിവിലിരിക്കെ നേരത്തെയും ഖാദർ വീഡിയോ പങ്കുവെച്ചിരുന്നു. മാധ്യമങ്ങൾക്കും കേസിലെ പരാതിക്കാരനും എതിരെയായിരുന്നു വീഡിയോ. സാമ്പത്തിക ഇടപാടിനെച്ചൊല്ലി പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും ക്രൂരമായി മർദിച്ചെന്നാണ് കേസ്. റീൽസ് താരം ഖാദർ കരിപ്പൊടി ഉൾപ്പടെ മൂന്നുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
റാഷിദ്, അഷ്റഫ് എന്നിവരാണ് മറ്റു രണ്ട് പ്രതികൾ. സംഘം ചേർന്ന് അബ്ദുൾ അഹാദിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാസർകോട് ടൗൺ പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഖാദർ കരിപ്പൊടിയും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും അഹാദ് തന്റെ പരാതിയിൽ ആരോപിക്കുന്നു. കാസർകോട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരേ പത്തോളം കേസുകൾ ഉണ്ടെന്നാണ് വിവരം.










0 comments