നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന് ഹൈക്കോടതി , പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് സർക്കാർ
print edition വയനാട് ഇരട്ട തുരങ്കപാത നിര്‍മാണം തുടരാം ; പദ്ധതിക്കെതിരായ ഹർജി തള്ളി

കൊച്ചി
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് ഇരട്ട തുരങ്കപാതയുടെ നിര്‍മാണം തുടരാമെന്ന് ഹൈക്കോടതി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്നും എല്ലാ പാരിസ്ഥിതിക അനുമതിയും പൂര്‍ത്തിയായശേഷമാണ് നിര്‍മാണം ആരംഭിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതിയടക്കം നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പരിസ്ഥിതിലോല പ്രദേശത്ത് പദ്ധതിക്ക് യാന്ത്രികമായാണ് പാരിസ്ഥിതിക അനുമതി നൽകിയത് എന്നാരോപിച്ചായിരുന്നു ഹർജി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദവാദം കേട്ടശേഷമാണ് സ്റ്റേ ആവശ്യം തള്ളിയത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു.
ശാസ്ത്രീയ കാര്യങ്ങളിൽ വിദഗ്ധസമിതികളുടെ തീരുമാനത്തെ ചോദ്യംചെയ്യാൻ കോടതിക്ക് പരിമിതിയുണ്ട്. അത്തരം തർക്കങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണലിലാണ് ഉന്നയിക്കേണ്ടത്. നിയമപരമായ നടപടിക്രമം പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മാത്രമേ കോടതിക്ക് അധികാരമുള്ളൂ. ശാസ്ത്രീയവശങ്ങളിൽ അന്തിമതീരുമാനം അതത് മേഖലയിലെ വിദഗ്ധരുടേതാണെന്നും കോടതി വ്യക്തമാക്കി. തൊഴിലവസരങ്ങളിലടക്കം വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. സർക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പും സ്പെഷ്യൽ ഗവ.പ്ലീഡർ സി ഇ ഉണ്ണിക്കൃഷ്ണനും ഹാജരായി.
അനുമതി നൽകിയത് ശാസ്ത്രീയ പരിശോധനയ്ക്കുശേഷം: കേന്ദ്രം
മണ്ണിടിച്ചിൽസാധ്യത, ഭൂമിശാസ്ത്രപരമായ സ്ഥിരത, ജൈവവൈവിധ്യം എന്നിവ സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ഖനന ഗവേഷണ സ്ഥാപനം, സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററി തുടങ്ങിയ പ്രമുഖ ദേശീയ സ്ഥാപനങ്ങൾ നടത്തിയ വിശദ പഠനറിപ്പോർട്ടുകൾ പരിഗണിച്ചശേഷമാണ് പാരിസ്ഥിതിക അനുമതി നൽകിയതെന്ന് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 2025 ജൂൺ 17-നാണ് അനുമതി നൽകിയത്.










0 comments