print edition ഉരുളൊഴുക്കുകൾക്കുംമീതെ പാലുകാച്ചി മുണ്ടക്കൈ

മുണ്ടക്കൈ ടൗൺഷിപ്പിൽ താമസം ആരംഭിച്ച കെ വിജയന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോളിൽ ആശംസ അറിയിക്കുന്നു
വി ജെ വർഗീസ്
Published on May 18, 2026, 01:58 AM | 1 min read
കൽപ്പറ്റ: പൊട്ടിയൊഴുകിയ ഉരുളിന് മുന്നിൽ നങ്കൂരമിട്ട മനുഷ്യസ്‌നേഹം വെൺമയോടെ തിളച്ചുപൊങ്ങി. ഒരുകാറ്റിലും കോളിലും ഉലയാതെ കാത്ത സർക്കാരിന്റെ കരുതലിൽ പടുത്തുയർത്തിയ ‘അതിജീവന ടൗൺഷിപ്പിൽ’ ആദ്യപാലുകാച്ചൽ. എല്ലാ ഉരുളൊഴുക്കുകൾക്കുംമീതെ നിശ്ചയദാർഢ്യത്തിൽ ഉയർത്തിയ വീട്ടിൽ വിജയനും കുടുംബവും ഞായറാഴ്‌ച രാവിലെ താമസമാരംഭിച്ചു.
ചൂരൽമല സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന കണ്ണൻകൈ വിജയന്റെയും കുടുംബത്തിന്റെയും വിലാസം ഇനി ടൗൺഷിപ്പിലെ ഒന്നാം സോണിലെ ‘ഡി’ ക്ലസ്റ്ററിലെ 38–ാം നന്പർ വീടാണ്. ഗൃഹപ്രവേശനത്തിനിടെ ടൗൺഷിപ്പിന്റെ ശിൽപ്പി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോൾ സ്വന്തം ഫോണിലേക്ക് എത്തിയതോടെ വിജയന്റെ കണ്ണുകൾ ഇൗറനായി. ‘എല്ലാം ഭംഗിയായി നടന്നല്ലോ... നമുക്ക് കാണാം’ എന്നായിരുന്നു പിണറായിയുടെ ആശംസ. ‘ഇതിൽപ്പരം സന്തോഷം വേറെയില്ല’ എന്നായിരുന്നു വിജയന്റെ പ്രതികരണം. മുൻ മന്ത്രി കെ രാജനും ഫോണിൽ ആശംസ അറിയിച്ചു.
മുൻ മന്ത്രി ഒ ആർ കേളുവിന്റെ സാന്നിധ്യത്തിൽ വിജയനും ഭാര്യ ലാലുവും പാലുകാച്ചി. കുടുംബാംഗങ്ങളും സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖും ഒ ആർ കേളുവും ചേർന്ന് കേക്ക് മുറിച്ചു. മുൻ എംഎൽഎ സി കെ ശശീന്ദ്രനും കലക്‌ടർ ഡി ആർ മേഘശ്രീയും ടൗൺഷിപ്പിലെ ഗുണഭോക്താക്കളും ഗൃഹപ്രവേശത്തിനെത്തി. ‘ഞങ്ങളെ ചേർത്തുപിടിച്ച ഇടതുപക്ഷ സർക്കാരിനും സന്മനസ്സുകൾക്കും നന്ദി’യെന്ന് ആലേഖനംചെയ്‌ത പിണറായി വിജയന്റെ ചിത്രമുള്ള മിഠായി കാർഡുകൾ നൽകിയാണ് കുടുംബം സന്തോഷം പങ്കിട്ടത്. വരുംദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസമാരംഭിക്കും.










0 comments