ad
Deshabhimani

print edition ആക്കുളത്തുനിന്ന്‌ 
ചേറ്റുവയിലേക്ക്‌ ബോട്ടിൽ പോകാം ; പശ്‌ചിമ തീര ജലപാതയുടെ ആദ്യഘട്ടമായി

water way

കഠിനംകുളത്ത്‌ ജലപാതയ്‌ക്ക്‌ കുറുകെ നിർമിച്ച സെന്റ്‌ ആൻഡ്രുസ്‌ പാലം

avatar
സുനീഷ്‌ ജോ

Published on Feb 18, 2026, 03:09 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ ജലഗതാഗത മേഖലയിൽ വിനോദസഞ്ചാരത്തിനും ചരക്കുനീക്കത്തിനും വിപ്ലവകരമായ സാധ്യതകൾ തുറന്ന്‌ പശ്‌ചിമതീര കനാലിന്റെ ആദ്യഘട്ടം ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. ആക്കുളം മുതൽ ചേറ്റുവരെയുള്ള 280 കിലോമീറ്ററാണ്‌ തുറക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്‌ ഇ‍ൗ ജലപാത. ഇതിൽ ശിവഗിരി ടണലിന്റെ ഏകദേശം അരകിലോമീറ്റർ മണ്ണിടിച്ചിൽ കാരണം വീതി കൂട്ടാൻ കഴിഞ്ഞിട്ടില്ല. ഇ‍ൗ ഭാഗം ഉടൻ പൂർത്തിയാക്കും. മറ്റ്‌ ഭാഗങ്ങളിൽ 25 മീറ്റർ വീതിയിലാണ്‌ കനാൽ. രണ്ടുമീറ്ററാണ്‌ ശരാശരി ജലനിരപ്പ്‌. യാത്രാബോട്ടുകൾക്കും ജങ്കാറുകൾക്കും പോകാൻ പാകത്തിലുള്ളതാണ്‌ പാത.


പലയിടങ്ങളിലും ബോട്ടുജെട്ടികളുടെയും പാലങ്ങളുടെയും പ്രവൃത്തി നടന്നുവരുന്നു. ആദ്യഘട്ടത്തിനായി 600 ഓളം കുടുംബങ്ങളെയാണ്‌ പുനരധിവസിപ്പിച്ചത്‌. 12.75 കോടി രൂപ മുടക്കി പൂർത്തീകരിച്ച കഠിനംകുളത്തെ സെന്റ്‌ ആൻഡ്രൂസ്‌ പാലത്തിന്റെ ഉദ്‌ഘാടനവും വടകര–മാഹി കനാലിന്റെ മൂഴിക്കര ലോക്ക്‌ കം ബ്രിഡ്‌ജിന്റെ നിർമാണപ്രവൃത്തിയുടെ തുടക്കവും ആദ്യഘട്ട ജലപാത കമ്മീഷനിങ്‌ ചടങ്ങിലുണ്ടാകും. ഇ‍ൗ മാസം 26 ന്‌ വർക്കലയിലായിരിക്കും പരിപാടിയെന്നാണ്‌ സൂചന. മൂഴിക്കര ലോക്ക്‌ കം ബ്രിഡ്‌ജിന്റെയും അപ്രോച്ച്‌ റോഡിനുമായി 35 കോടിയാണ്‌ അനുവദിച്ചത്‌. പശ്‌ചിമതീര കനാലിന്റെ കോവളം മുതൽ ബേക്കൽവരെ 616 കിലോമീറ്ററാണ്‌ ദൂരം. ഇതിൽ ചേറ്റുവ മുതൽ കോഴിക്കോട്‌ വരെ ദേശീയജലപാതയുടെ ഭാഗമാണ്‌. ദേശീയ ജലപാതയ്‌ക്കായി മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രബജറ്റിൽ വൻ തുക നീക്കിവച്ചപ്പോഴും കേരളത്തെ പരിഗണിച്ചില്ല. എങ്കിലും തുടർഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനാണ്‌ സംസ്ഥാനസർക്കാർ തീരുമാനം. ഉൾനാടൻ ജലഗതാഗതവകുപ്പും കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുംചേർന്നാണ്‌ ജലപാതയുടെ നിർമാണം.


ടണലിനകത്ത്‌ ലൈറ്റും സ‍ൗണ്ട്‌ ഷോയും

ജലപാതയുടെ ഭാഗമായ ചിലക്ക‍‍ൂർ ടണൽ ടൂറിസം സെന്ററാകും. ടണലിന്റെ അറ്റകുറ്റപ്പണികൾ നടത്തിയതിനൊപ്പം സംരക്ഷണഭിത്തികളും, ലൈറ്റ്‌ ആൻഡ്‌ സ‍ൗണ്ട്‌ ഷോയ്‌ക്കായി ബോട്ട്‌ ജെട്ടിയും നിർമിച്ചു. കിഫ്‌ബിയുടെ 24.98കോടി ധനസഹായത്തോടെയാണിത്‌. 4.8 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവും 350 മീറ്റർ നീളവുമാണ്‌ ടണലിനുള്ളത്‌. നാരായണ ഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തി ഏഴുമിനിട്ടുള്ള പ്രദർശനവുമുണ്ടാകും. സിയാലിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ലൈറ്റ്‌ ആൻഡ്‌ സ‍ൗണ്ട്‌ ഷോയ്‌ക്ക്‌ ആവശ്യമായ ഉപകരണങ്ങളും ഇലക്‌ട്രിക്‌ ബോട്ടും സജ്ജമാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home