മാലിന്യം വലിച്ചെറിയൽ ; പിഴ ഇൗടാക്കിയത് 61.47 ലക്ഷം , പാരിതോഷികം 1.29 ലക്ഷം

തിരുവനന്തപുരം
മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകാൻ തദ്ദേശ വകുപ്പ് ഏർപ്പെടുത്തിയ ഏകീകൃത വാട്‌സാപ് നമ്പറിന് ഒരു വയസ്സ്. ഒരു വർഷത്തിനിടെ പൊതുജനങ്ങൾ വാട്‌സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 61,47,550 രൂപയാണ് പിഴ ചുമത്തിയത്.
കൃത്യമായ തെളിവുകളോടെ വിവരം നൽകിയ ആളുകൾക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു. 63 സംഭവങ്ങളിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണ്. ആകെ പിഴയുടെ 5.58 ശതമാനമാണ് വാട്‌സാപ് നമ്പറിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുമത്തിയത്. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികൾ വാട്‌സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത എല്ലാവരെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. നിയമലംഘനങ്ങൾ 9446700800 എന്ന വാട്‌സാപ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടർന്നും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
ആദ്യം 2500 രൂപ എന്ന നിലയിൽ പാരിതോഷികത്തിന് നിശ്ചയിച്ച പരിധി പിന്നീട് ഒഴിവാക്കുകയും, ചുമത്തുന്ന പിഴയുടെ നാലിലൊന്ന് പരിധിയില്ലാതെ വിതരണം ചെയ്യണമെന്നും സർക്കാർ ഉത്തരവിട്ടിരുന്നു.
വാട്‌സാപ് നമ്പറിലൂടെ ആകെ ലഭിച്ച 12,265 പരാതിയിൽ കൃത്യമായ വിവരങ്ങളോടെ ലഭിച്ച 7,912 പരാതിയാണ് സ്വീകരിച്ചത്. ഇതിൽ 7,362 പരാതിയിലും നടപടിയെടുത്തു. ശേഷിക്കുന്ന പരാതികളിൽ തുടർനടപടി നടക്കുന്നു. ഏറ്റവുമധികം നിയമലംഘനങ്ങൾ വാട്‌സാപ്പിലൂടെ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം (2100), എറണാകുളം (2028) ജില്ലകളിൽ നിന്നാണ്. കുറവ് വയനാട് ജില്ലയിൽ (155).










0 comments