ad
Deshabhimani

ബംഗ്ലാദേശിൽനിന്ന്‌ അനധികൃതമായി വന്നതല്ലേ എന്ന് ആക്രോശിച്ചുള്ള മർദനത്തിനുപിന്നിൽ വംശീയവിരോധം

print edition വാളയാറിലെ ആൾക്കൂട്ടക്കൊല ; തെളിയുന്നത്‌ സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയം

walayar mob lynching sanghaparivar Hate Politics
വെബ് ഡെസ്ക്

Published on Dec 22, 2025, 02:45 AM | 2 min read


പാലക്കാട്

വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്‌ഗഢ്‌ ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാൽ സംഘപരിവാർ വിദ്വേഷ രാഷ്‌ട്രീയത്തിന്റെ ഇര. വംശീയ വിരോധത്തിന്റെ പേരിൽ രാജ്യമെങ്ങും സംഘപരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങളുടെ ഭാഗമാണ്‌ ഇ‍ൗ കൊലപാതകവും.


കേസിൽ നാല്‌ ബിജെപി പ്രവർത്തകരുൾപ്പെടെ അഞ്ച്‌ പേരാണ്‌ അറസ്റ്റിലായത്‌. സഹോദരിയെ തേടിയെത്തിയതാണെന്ന്‌ ഭയ്യാൽ പറഞ്ഞപ്പോൾ ബംഗ്ലാദേശിൽനിന്ന്‌ അനധികൃതമായി വന്നതല്ലേ എന്ന് ആക്രോശിച്ചാണ്‌ പ്രതികൾ അതിക്രൂരമായി മർദിച്ചത്‌. ഹിന്ദി അറിയാവുന്ന അക്രമികൾ ഭയ്യാൽ പറയുന്നത്‌ മനസ്സിലായിട്ടും തല്ലിച്ചതച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ശരീരത്തിൽ എല്ലായിടത്തും ഭയ്യാലിന്‌ അടിയേറ്റിരുന്നുവെന്ന്‌ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ വെളിപ്പെടുത്തി. ബുധൻ വൈകിട്ട് ആറിനാണ് മർദ്ദനമേറ്റത്‌. രാത്രി ഭയ്യാൽ മരിച്ചു.


കിഴക്കേ അട്ടപ്പള്ളം സ്വദേശി അനന്തൻ (55), ബിജെപി, ആർഎസ്എസ് പ്രവർത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു (38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം കെ ബിബിൻ (30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മുരളി, അനു എന്നിവർ 15 വർഷം മുമ്പ്‌ അട്ടപ്പള്ളത്ത് സിഐടിയു പ്രവർത്തകൻ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. ഇവരെ കോടതിയിൽ എത്തിച്ചപ്പോൾ ബിജെപി പ്രവർത്തകർ കാണാൻ വന്നിരുന്നു. എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആർഎസ്‌എസ്‌ പ്രവർത്തകനുമായ ആർ ജിനീഷും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധവും സംഘപരിവാറിന്റെ വിദ്വേഷ രാഷ്‌ട്രീയവും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ മാധ്യമങ്ങൾ.


അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി രാംനാരായൺ ഭയ്യാൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈഎസ്‌പി എം ഗോപകുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷകസംഘം രൂപീകരിച്ചു.

നിലവിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ അഞ്ചുപേരാണ്‌ റിമാൻഡിലുള്ളത്. ഇവർക്കെതിരെ കൊലപാതകം, സംഘംചേർന്ന്‌ മർദിക്കൽ, തടഞ്ഞുവയ്ക്കൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. രാംനാരായൺ ഭയ്യാൽ ദളിത് വിഭാഗത്തിലുള്ളയാളായതിനാൽ ജാതീയമായി ആക്ഷേപിക്കൽ, വംശീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി
യേക്കും.


2 മണിക്കൂർ ക്രൂരമർദനം

രാംനാരായൺ രണ്ടുമണിക്കൂറോളം ക്രൂരമർദനത്തിനിരയായെന്ന്‌ പൊലീസ്‌ പറഞ്ഞു. ചോര ഛർദിച്ച് കുഴഞ്ഞുവീണ ശേഷവും വടികൊണ്ട് തല്ലി. സ്‌ത്രീകളും അക്രമിസംഘത്തിലുണ്ടെന്നാണ്‌ പൊലീസ്‌ റിപ്പോർട്ട്‌. ബിജെപി പ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം പേർ നിരീക്ഷണത്തിലാണ്‌. ചിലർ നാടുവിട്ടതായും വിവരമുണ്ട്‌. അവർക്കായി സൈബർ പൊലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home