ad
Deshabhimani

print edition വിഴിഞ്ഞം ഓഹരി വിൽപ്പന: ഡീൽ ആസൂത്രിതം; മംഗളൂരു യാത്രയും വകുപ്പു വിഭജനവും അദാനിക്കു വേണ്ടി

Adani V D Satheesan Cartoon
avatar
ഒ വി സുരേഷ്‌

Published on Jul 04, 2026, 04:59 AM | 2 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്പനിയിൽ അദാനി ഗ്രൂപ്പിനുള്ള ഓഹരിയുടെ 49 ശതമാനം മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എംഎസ്-സി)ക്ക്‌ വിൽക്കുന്നതുൾപ്പെടെ അദാനിക്കുവേണ്ടിയുള്ള നീക്കങ്ങളെല്ലാം ആസൂത്രിതം. തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിനുതൊട്ടുമുന്പുള്ള വി ഡി സതീശന്റെ മംഗളൂരു യാത്രയും മന്ത്രിമാരുടെ വകുപ്പു വിഭജനവും ഉദ്യോഗസ്ഥ പുനർവിന്യാസവുമെല്ലാം അദാനിക്കു വേണ്ടിയായിരുന്നു.


ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ വി ഡി സതീശൻ കൈക്കലാക്കിയതും ഇതിന്റെ ഭാഗം. അദാനി ഗ്രൂപ്പ്‌ ചാർട്ട്‌ ചെയ്‌ത പ്രത്യേക വിമാനത്തിലായിരുന്നു സതീശന്റെ മംഗളൂരു യാത്ര. കോൺഗ്രസ്‌ നേതൃത്വം അറിയാതെയുള്ള യാത്രയിൽ അദാനി ഗ്രൂപ്പ്‌ പ്രസിഡന്റുമായും ബിജെപിയുടെ സഖ്യകക്ഷി നേതാക്കളുമായി എന്താണ്‌ ചർച്ചചെയ്‌തത്‌ എന്ന്‌ പറയാൻ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറാകാത്തത്‌ ദുരൂഹമാണ്‌. ഇ‍ൗ കൂടിക്കാഴ്‌ചയിൽ രൂപപ്പെട്ടതാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ‘വിസ്‌മയ പദ്ധതികളും’ വി ഡി സതീശന്റ ഡീലും.


​മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌തിട്ടും വകുപ്പു വിഭജനം നീണ്ടുപോയത് ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകള്‍ വിട്ടുകൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയായിരുന്നു. തുറമുഖവും നിയമവും വിട്ടുകൊടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളിയ സതീശൻ, മുഖ്യമന്ത്രി എന്ന വിവേചനാധികാരം ഉപയോഗിച്ചാണ്‌ വകുപ്പുകൾ വിഭജിച്ചത്‌. മുഖ്യമന്ത്രിമാർ ഇത്രയും പ്രധാന വകുപ്പുകൾ ഒരുമിച്ചു വഹിക്കുന്ന രീതി മുമ്പുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലായിരുന്നു പിന്നീടുള്ള ഇടപെടൽ. തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിച്ചു. തടസ്സമുണ്ടാക്കുമെന്ന് കരുതിയവരെ നീക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച രത്തൻ കേൽക്കറെ തന്നെ തുറമുഖ സെക്രട്ടറിയുമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിൽനിന്ന്‌ ദിവ്യ എസ്‌ അയ്യരെ നീക്കി താരതമ്യേന ജൂനിയറായ ജെറോമിക്‌ ജോർജിനെ സിഎംഡിയാക്കി. തുടര്‍ന്നാണ് ഓഹരി വിൽപ്പനയ്‌ക്ക് അദാനി നീക്കം തുടങ്ങിയത്‌.


ജൂൺ 29ന്‌ "സെബി'ക്ക്‌ കത്ത്‌ അയച്ചിട്ടും താൻ അറിഞ്ഞില്ലെന്ന്‌ തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത്‌ വിശ്വസനീയമല്ല. ഇത്‌ ശരിയല്ലെന്ന്‌ അദാനി ഗ്രൂപ്പിന്റെ പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തം. യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രവും ബജറ്റും സ്വകാര്യവൽക്കരണ ഭീഷണി ഉയർത്തുന്നതാണെന്ന എൽഡിഎഫ്‌ വിമർശനം ശരിവയ്‌ക്കുന്നതാണ്‌ സര്‍ക്കാരിന്റെ ഓരോ നടപടികളും.


എല്ലാ വഴികളും സതീശനിലൂടെ


വിഴിഞ്ഞം തുറമുഖ കമ്പനിയിൽ തങ്ങളുടെ കൈവശമുള്ള ഓഹരിയുടെ 49 ശതമാനം എംഎസ്‌സിക്ക്‌ വിൽക്കാനുള്ള അനുവാദത്തിന്‌ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) നൽകിയ കത്ത്‌ പരിഗണിക്കുമ്പോൾ എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി വി ഡി സതീശൻ മാത്രം.


ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ എംപവേർഡ്‌ കമ്മിറ്റിയാണ്‌ കത്ത്‌ ആദ്യം പരിഗണിക്കുക. തുറമുഖത്തിന്റെ സിഎംഡിയാണ്‌ കമ്മിറ്റിയുടെ കൺവീനർ. ധന, തുറമുഖ, നിയമ സെക്രട്ടറിമാരാണ്‌ അംഗങ്ങൾ. ഇ‍ൗ മൂന്നു വകുപ്പും കൈകാര്യം ചെയ്യുന്നത്‌ മുഖ്യമന്ത്രിയാണ്‌. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ്‌ കമ്മിറ്റിയുടെ തീരുമാനമുണ്ടാവുക.


അദാനി ഗ്രൂപ്പിന്റെ അപേക്ഷ മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ തുറമുഖ സെക്രട്ടറി രത്തൻ കേൽക്കർ തീരുമാനമെടുത്ത്‌ തുറമുഖ വകുപ്പ്‌ മന്ത്രിക്കയക്കും. തുറമുഖ മന്ത്രി തീരുമാനമെടുത്ത്‌ ധനവകുപ്പിന്‌ അയക്കും. ധനവകുപ്പ്‌ സെക്രട്ടറി ധനമന്ത്രിക്കയക്കും. അവിടെ നിന്ന്‌ നിയമവകുപ്പിലേക്ക്‌ പോകും. നിയമ സെക്രട്ടറി ഫയൽ നിയമമന്ത്രിക്ക്‌ അയക്കും.


തുടർന്ന്, അവസാനവാക്കായ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തും. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കർ ഫയലിൽ തീരുമാനമെടുത്ത്‌ മുഖ്യമന്ത്രി വി ഡി സതീശന്‌ കൈമാറും. അദ്ദേഹം തീരുമാനമെടുത്ത്‌ നടപടിക്കായി ഓഫീസിന്‌ കൈമാറും. എല്ലാ വഴികളിലും ഫയലിൽ തീരുമാനമെടുക്കുന്നത്‌ മുഖ്യമന്ത്രി വി ഡി സതീശൻ മാത്രം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home