print edition വിഴിഞ്ഞം അനുബന്ധ വികസനം; അനങ്ങാതെ സർക്കാർ, പിടിമുറുക്കി ഭൂമാഫിയ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച വമ്പൻ പദ്ധതികൾ അനിശ്ചിതത്വത്തിൽ. എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്ത വിഴിഞ്ഞം നാവായിക്കുളം വികസന ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികളും ഭൂമിയേറ്റെടുക്കലും നിലച്ചതോടെ വിഴിഞ്ഞത്തും പരിസരത്തും ഭൂമാഫിയ സംഘങ്ങൾ പിടിമുറുക്കി.
ഇതിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ ബിനാമികളുമുണ്ട്.
നിക്ഷേപ സാധ്യതയുണ്ടായിട്ടും ലാൻഡ് പൂളിങ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകാത്തത് ഭൂമാഫിയ സംഘത്തെ സഹായിക്കാനാണെന്നാണ് സംശയം. പത്തും ഇരുപതും സെന്റിൽ താഴെ ഭൂമിയുള്ളവരിൽനിന്ന് ഭൂമി വാങ്ങിക്കൂട്ടുകയാണ് മാഫിയസംഘം. വലിയ തുക വാങ്ങിനൽകാം എന്ന് വാഗ്ദാനം നൽകി, അഡ്വാൻസ് മാത്രംനൽകി വിൽപ്പനക്കരാർ എഴുതിയും തട്ടിപ്പ് നടത്തുന്നുണ്ട്.
മിഷൻ സമുദ്ര എന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ വ്യക്തമായ കർമപദ്ധതി പ്രഖ്യാപിച്ചിട്ടില്ല. കയറ്റുമതിയും ഇറക്കുമതിയും പൂർണതോതിൽ ആരംഭിക്കണമെങ്കിൽ വിഴിഞ്ഞത്തിന് 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ കണ്ടെയ്‌നർ യാർഡും വെയർഹൗസും കണ്ടെയ്‌നർ റിപ്പയർ സ്റ്റേഷനും തുടങ്ങണം. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഭൂമി ഏറ്റെടുത്ത് നൽകണം. ഇതിനുള്ള പ്രാരംഭ നടപടിപോലും ആരംഭിച്ചിട്ടില്ല.
ഭൂമി ലഭ്യമല്ലാത്തതിനാൽ ആർക്കും നിക്ഷേപം നടത്താനാകാത്ത സാഹചര്യമാണ്. തലസ്ഥാനത്തെ ലോജിസ്റ്റിക് ഹബ്ബാക്കാനുള്ള 2000 കോടി രൂപയുടെ തുറമുഖ അനുബന്ധ വികസനപദ്ധതികളും മരവിപ്പിച്ചു.ആദ്യഘട്ടം 230 ഏക്കർ ഏറ്റെടുക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നു. തുടർനടപടിക്ക് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് (വിസിൽ) ലിമിറ്റഡിനെയും ചുമതലപ്പടുത്തി. ഇതിനായി വിസിൽ 800 ഏക്കർ ജില്ലയിൽ പലയിടത്തായും കണ്ടെത്തിയിരുന്നു.
വിഴിഞ്ഞത്തിന്റെ സാധ്യത മുതലെടുക്കാൻ തമിഴ്‌നാട് സർക്കാർ രംഗത്തെത്തി. തമിഴ്‌നാട് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കോർപ്പറേഷൻ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ വൻതോതിൽ ലോജിസ്റ്റിക് പാർക്കുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുകയാണ്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിലെ വരുമാനവുമാണ് ലക്ഷ്യം.










0 comments