ad
Deshabhimani

തിരച്ചിലിൽ നിസ്സം​ഗത; ജോണിനായുള്ള കാത്തിരിപ്പ് നീളുന്നു...

john family

ജോണിന്റെ കുടുംബം

വെബ് ഡെസ്ക്

Published on Aug 13, 2026, 08:53 AM | 1 min read

കോവളം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോൺ മത്യാസിനായുള്ള കുടുംബത്തിന്റെയും നാടിന്റെയും കാത്തിരിപ്പ് തുടരുന്നു. 13 ദിവസത്തിലധികം ആയിട്ടും കണ്ടെത്താൻ സർക്കാരിന്റെ തിരച്ചിൽ സംവിധാനങ്ങൾക്കായിട്ടില്ല. ജോണിന്റെ കുടുംബം പരാതി ഉന്നയിച്ചശേഷം മാത്രമാണ് തിരച്ചിൽ ആരംഭിക്കാൻപോലും തയ്യാറായത്. തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലാത്തതിനെ തുടർന്ന്‌ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. കാണാതായി 11 ദിവസം കഴിഞ്ഞാണ് മന്ത്രി കുടുംബത്തെ സന്ദർശിക്കാൻ തയ്യാറായത്.​


കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നതായി അധികൃതർ പറഞ്ഞു. കോസ്റ്റ്ഗാർഡ് കപ്പൽ ഉൾപ്പെടെയുള്ളവ തിരച്ചിലിനുണ്ട്. കുടുംബം ആവശ്യപ്പെട്ടപ്രകാരം രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതുവരെയും തിരച്ചിൽ ആരംഭിച്ചിട്ടില്ല.


വിഴിഞ്ഞത്തുനിന്ന്‌ 18 കിലോമീറ്റർ അകലെ കടലിൽ വലയിടുമ്പോഴാണ്‌ ജൂലൈ 31 രാത്രി 1.30ഓടെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് ജോൺ മത്യാസിന്റെ വള്ളം മറിഞ്ഞത്‌. ഒപ്പമുണ്ടായിരുന്ന മനോജ്, സജു, ദീപു, ഷാജി എന്നിവരെ മറ്റ് വള്ളങ്ങളിൽ വന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ജോണിനെ കണ്ടെത്താനായില്ല. എന്നാൽ വിവരമറിയിച്ചിട്ടും ജോണിനായുള്ള രക്ഷാപ്രവർത്തനം ഏറെ വൈകി. ഇന്ധനമില്ലാത്തതിനാൽ ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് ബോട്ട്‌ ഉപയോഗിക്കാനാകില്ലെന്നാണ്‌ അധികൃതർ നൽകിയ മറുപടി. പ്രതിഷേധം ശക്തമായതോടെ ഇന്ധനം എത്തിച്ചശേഷമാണ് മറൈൻ ആംബുലൻസ്‌ കടലിലിറക്കിയത്‌. വെള്ളി രാത്രിയാണ് അപകടം ഉണ്ടായതെങ്കിലും നാലാം ദിവസം വൈകിട്ട് മാത്രമാണ് വള്ളം മറിഞ്ഞ സ്ഥലം തിരിച്ചറിയാൻ സാധിച്ചത്.


അപകടം നടന്ന് ഇത്രദിവസമായിട്ടും ഉന്നത ഉദ്യോഗസ്ഥർപോലും സ്ഥലത്തെത്തുകയോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയോ ചെയ്യുന്നില്ല. നിരന്തരമായി ആക്ഷേപമുന്നയിക്കുമ്പോൾ മാത്രം പേരിനായി തെരച്ചിലിനിറങ്ങുകയാണ് ഉദ്യോ​ഗസ്ഥർ. അഞ്ചം​ഗ കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു ജോൺ. അച്ഛനെ കണ്ടെത്തുന്നതിലുള്ള അലംഭാവത്തെപ്പറ്റി വികാരാധീനയായ മകൾ ജിജിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം കോൺ​ഗ്രസ് പട അഴിച്ചുവിട്ടു. ആകാശ തിരച്ചിലും കാര്യക്ഷമമായി നടക്കുന്നില്ല. കാറ്റും മഴക്കോളുമുള്ളപ്പോഴുള്ള തിരച്ചിൽ ഫലപ്രദമല്ല. എന്നാൽ നല്ല കാലാവസ്ഥയുള്ളപ്പോൾ പോലും ആകാശ തിരച്ചിൽ നടത്തുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home