ത്രിപുരയിലുണ്ട് 'അമ്മച്ചി'; പുതിയ കാസ്കേഡ് തവള സ്പീഷീസുകളെ കണ്ടെത്തി

അമ്മച്ചി തവള
തിരുവനന്തപുരം : വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാൻഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്ന് മൂന്ന് പുതിയ കാസ്കേഡ് തവള സ്പീഷീസുകളെ കണ്ടെത്തി. ഇവയിൽ ത്രിപുരയിലെ ജംപുയി കുന്നുകളിൽനിന്ന് കണ്ടെത്തിയ സ്പീഷീസിനെ ‘അമ്മച്ചി’ കാസ്കേഡ് തവള എന്ന് പേര് നൽകി. അമ്മച്ചി എന്ന് അറിയപ്പെട്ടിരുന്ന കേരളത്തിൽനിന്നുള്ള സാമൂഹിക പ്രവർത്തക അന്തരിച്ച പത്‌മിനി വർക്കിയുടെ ഓർമയ്ക്കായാണ് ഈ പേര് നൽകിയത്. നാഗാലാൻഡിലെ സെൻഡെന്യു ഗ്രാമത്തിൽനിന്ന് കണ്ടെത്തിയതിന് സെൻഡെന്യു കാസ്കേഡ് തവള എന്നും പശ്ചിമ ബംഗാളിൽനിന്ന് കണ്ടെത്തിയ സ്പീഷീസിന് ബ്യൂട്ടിഫുൾ കാസ്കേഡ് തവള എന്നും പേര് നൽകി. മുമ്പ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ലാത്ത മറ്റ് അഞ്ച് സ്പീഷീസുകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
ഡൽഹി സർവകലാശാലയിലെ പ്രൊഫസർ എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞസംഘമാണ് പുതിയ സ്പീഷീസുകളെ കണ്ടെത്തിയത്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് മലയോര സംസ്ഥാനങ്ങളിൽ പതിനഞ്ചിലധികം വർഷങ്ങളായി നടത്തിയ വിപുലമായ പര്യവേക്ഷണങ്ങളാണ് ഈ പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഹാർവാർഡ് സർവകലാശാലയുടെ മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജി പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്രജേർണലായ ബുള്ളറ്റിൻ ഓഫ് മ്യൂസിയം ഓഫ് കംപാരറ്റീവ് സുവോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതുതായി കണ്ടെത്തിയ മൂന്ന് സ്പീഷീസുകളും രാനിഡേ എന്ന തവള കുടുംബത്തിൽപ്പെട്ടവയാണ്.








0 comments