print edition അപ്രോച്ച് റോഡ് റെഡി, ഷിപ്പിങ് ഏജൻസിയും: അനുബന്ധ സൗകര്യമൊരുക്കാതെ സർക്കാർ

വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്‌നറുമായി കോവളം ബൈപാസിലേക്ക് കയറുന്ന ട്രക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുന്നു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുന്നു. കഴിഞ്ഞ മാസം ഈ പാതയിലൂടെ കണ്ടെയ്നർ ലോറിയുടെ പരീക്ഷണഓട്ടം നടന്നിരുന്നു. പാത തുറന്നുകൊടുക്കുന്നതോടെ റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കം സജീവമാകും.
തലസ്ഥാനത്തേക്കും തമിഴ്നാട്ടിലേക്കും കണ്ടെയ്നർ ട്രക്കുകൾ പോകുന്നതരത്തിലുള്ള പരീക്ഷണഓട്ടം വിജയകരമായിരുന്നെന്ന് ദേശീയപാത അതോറിറ്റി പറയുന്നു. ബൈപാസിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനം സ്ഥാപിക്കും. നിയന്ത്രണത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. തുറമുഖത്തെ മുഖ്യ പ്രവേശനകവാടത്തിൽനിന്ന് തുടങ്ങി മുല്ലൂർ കലുങ്ക് ജങ്ഷൻ മറികടന്നെത്തുന്ന പാതയ്ക്ക് 1.7 കിലോമീറ്ററാണ് നീളം.
സുഗമമായി ട്രക്കുകൾ കടന്നുപോകാൻ ക്ലോവർ ലീഫ് മാതൃകയിൽ ജങ്ഷൻ വികസിപ്പിക്കും. കര മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് വഴി തെളിഞ്ഞതിനുപിന്നാലെ കോവളം–കാരോട് ബൈപാസിന്റെ കോവളം, വിഴിഞ്ഞം, പയറുംമൂട് ഭാഗങ്ങളിൽ ഷിപ്പിങ് ഏജൻസികൾ ഓഫീസുകൾ തുറക്കുകയാണ്. കയറ്റിറക്കുമതി തുടങ്ങുന്ന സാഹചര്യത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ യുഡിഎഫ് സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് വ്യവസായരംഗത്തെ പ്രമുഖരും പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തോടുചേർന്നുള്ള ഇടങ്ങളിൽ കണ്ടെയ്‌നർ യാർഡുകൾ ഉൾപ്പെടെ സജ്ജമാക്കാൻ ആവശ്യമായ ഭൂമി ഉൾപ്പെടെ കണ്ടെത്തണം.
തമിഴ്‌നാട് സർക്കാരിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്‌നാട് (സിപ്‌കോട്ട്) വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ മനസ്സിലാക്കി കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.











0 comments